ബെംഗളൂരു- മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിഎന്ന് സംശയിക്കപ്പെടുന്നവരുടെ രേഖാചിത്രം കർണാടക പോലീസ് പുറത്തുവിട്ടു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ മൂന്ന് രേഖാ ചിത്രങ്ങളാണ് പുറത്തിറക്കിയത്. ഇവരെ കുറിച്ച് സൂചനകൾ ലഭിക്കുന്നവർ വിവരം നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു. നേരത്തെ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ വീഡിയോ ദൃശ്യം പേലീസ് പുറത്തു വിട്ടിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇതുവരെ സമാഹരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളെ അടിസ്ഥാനമാക്കിയാണ് ഈ രേഖാ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത്. ഗൗരിയെ വെടിവച്ചു കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ കൊലയാളികൾ നഗരത്തിൽ എത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി 250ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തു. ഗൗരിയുടെ കൊലയാളികളെ തിരിച്ചറിഞ്ഞതായി കഴിഞ്ഞയാഴ്ച കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി തയാറായിരുന്നില്ല.
ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്ഥയാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലങ്കേഷിന്റെ കൊലപാതകത്തെ ന്യായീകരിച്ച് ഹിന്ദുത്വ സംഘടനകളും ബിജെപി നേതാക്കളും സോഷ്യൽ മീഡിയയിൽ രംഗത്തു വന്നിരുന്നു. ഇതാണ് ഹിന്ദുത്വ സംഘടനകളെ സംശയത്തിന്റെ നിഴലിലാക്കിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്.
തീവ്ര ഹിന്ദുത്വത്തെയും നരേന്ദ്ര മോദി സർക്കാരിനേയും നിശിതമായി വിമർശിച്ചിരുന്ന 55കാരിയായ ഗൗരിയെ കഴിഞ്ഞ മാസമാണ് ബൈക്കിലെത്തിയ അജ്ഞാതർ വീടിനു മുന്നിലിട്ട് വെടിവച്ചു കൊലപ്പെടുത്തിയത്.