വാഷിങ്ടണ്‍- ഈ വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പരാജയപ്പെടുമെന്ന് അമേരിക്കയിലെ 40 തെരഞ്ഞെടുപ്പു ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് പ്രശസ്തനായ പ്രൊഫസര്‍ അലന്‍ ലിക്മന്‍. 2016ല്‍ ട്രംപ് വിജയിക്കുമെന്ന ലിക്മന്റെ പ്രവചനവും കൃത്യമായിരുന്നു. എന്നാല്‍ ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് ട്രംപ് തോല്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. വാഷിങ്ടണിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഹിസ്റ്ററി പ്രൊഫസറായ ലിക്മന്‍ യുഎസില്‍ അറിയപ്പെടുന്നത് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളുടെ നൊസ്ത്രദമസ് എന്നാണ്.
1984ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ വാള്‍ട്ടര്‍ മൊന്‍ഡെയ്‌ലിനെ പരാജയപ്പെടുത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് റൊനള്‍ഡ് റീഗന്റെ വിജയം ലിക്മന്‍ പ്രവചിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016ല്‍ ട്രംപിന്റെ വിജയം പ്രവചിച്ച ചുരുക്കം നിരീക്ഷരില്‍ ഒരാളാണ് ലിക്മന്‍.
ലിക്മന്റെ പ്രവചനം ഊഹങ്ങളെയോ ഭാഗ്യ പരീക്ഷണങ്ങളെയോ അടിസ്ഥാനമാക്കിയല്ല. തെരഞ്ഞെടുപ്പു ഫലം പ്രവചിക്കുന്നതിന് അദ്ദേഹം '13 കീസ് റ്റു വൈറ്റ് ഹൗസ്' വിശകലന രീതി വികസിപ്പിച്ചിട്ടുണ്ട്. ഈ രീതി ഉപയോഗിച്ചു നടത്തുന്ന പ്രവചനങ്ങള്‍ കൃത്യമാണെന്ന് കാലം തെളിയിച്ചതുമാണ്. 13 സുപ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണീ വിശകലനം. സമ്പദ്ഘടന, അപവാദങ്ങള്‍, സാമൂഹിക അസ്വാസ്ഥ്യം, ഭരണവിരുദ്ധ തുടങ്ങിയ 13 ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകളിലൂടെയാണ് സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യത അദ്ദേഹം നിര്‍ണയിക്കുന്നത്.
പ്രസിഡന്റ് പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള ട്രംപ് ഇപ്പോള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. രാജ്യദ്രോഹ കേസ് അദ്ദേഹത്തിനുമേല്‍ ഈയിടെ ഫയല്‍ ചെയ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയെ ട്രംപ് കൈകാര്യംചെയ്ത രീതി യുഎസില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിനും ട്രംപിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.