ടോക്കിയോ- ഫിലിപ്പൈന്‍സ് തീരത്ത് പസഫിക് സമുദ്രത്തില്‍ ചരക്കു കപ്പല്‍ ചുഴിയില്‍പ്പെട്ടു മുങ്ങി 11 ഇന്ത്യക്കാരെ കാണാതായതായി ജപ്പാന്‍ തീരസംരക്ഷണ സേന അറിയിച്ചു. 33,205 ടണ്‍ ഭാരമുള്ള എമറാള്‍ഡ് സ്റ്റാര്‍ എന്ന ഹോങ്കോംഗ് ചരക്കു കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
26 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വടക്കന്‍ ഫിലിപ്പൈന്‍സ് തീരത്തു നിന്ന് 280 കിലോമീറ്റര്‍ അകലെ സഞ്ചരിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് അപകടം. കപ്പലില്‍നിന്ന് അപകട സൂചനാ സന്ദേശം ലഭിച്ചിരുന്നതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. അപകടം നടന്ന മേഖലയിലൂടെ കടന്നു പോയ മൂന്ന് കപ്പലുകള്‍ 15 പേരെ രക്ഷപ്പെടുത്തി. എന്നാല്‍ ബാക്കി 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കപ്പല്‍ പൂര്‍ണമായും മുങ്ങിയിട്ടുണ്ട്. രണ്ടു പട്രോള്‍ ബോട്ടുകളും മൂന്ന് വിമാനങ്ങളും ഉപയോഗിച്ച് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ് ജാപ്പനീസ് സമുദ്രസേന. എന്നാല്‍ ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായും ജപ്പാന്‍ അധികൃതര്‍ അറിയിച്ചു.