ന്യൂദല്‍ഹി- ഇന്ത്യയില്‍ ഇതുവരെ 40 ലക്ഷം വിറ്റഴിഞ്ഞ ഏക കാറെന്ന റെക്കോര്‍ഡ് മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ ഓള്‍ട്ടോ കാറിനു സ്വന്തം. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കണക്കുകളില്‍ ഏറ്റവും മുന്നിലാണ് മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലിങ് മോഡലായ ഓള്‍ട്ടോ. താങ്ങാവുന്ന വില, മികച്ച വില്‍പ്പനാന്തര സേവനം, ചെറുകുടുംബങ്ങള്‍ക്ക് യാത്ര ചെയ്യാനും ഡ്രൈവ് ചെയ്യാനും സുഖപ്രദം തുടങ്ങി നിരവധി ഘടകങ്ങളാണ് ഓള്‍ട്ടോയെ ഇന്ത്യന്‍ നിരത്തുകളിലെ നിറസാന്നിധ്യമാക്കിയത്. താരതമ്യേന നല്ല റി സെയ്ല്‍ മൂല്യം കൂടി ലഭിക്കുമെന്ന മെച്ചവും ഓള്‍ട്ടോയെ ഏറെ ജനപ്രിയമാക്കി. 16 വര്‍ഷമായി ഇന്ത്യയിലെ പാസഞ്ചര്‍ വെഹിക്ക്ള്‍ സെയില്‍സില്‍ ഓള്‍ട്ടോ ഒന്നാം സ്ഥാനം അലങ്കരിച്ചു വരുന്നു.
2000ല്‍ ആദ്യമായി വിപണിയിലെത്തിയ ഓള്‍ട്ടോ നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2004ലാണ് ആദ്യമായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാറുകളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. പിന്നീട് ഇന്നു വരെ ഈ സ്ഥാനം നഷ്ടമായിട്ടില്ല. 2008 ആയപ്പോഴേക്കും 10 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2012 ആയപ്പോഴേക്കും ഇരട്ടി വര്‍ധിച്ച് 20 ലക്ഷമായി. പിന്നീടുള്ള നാലു വര്‍ഷങ്ങള്‍ക്കിടെ 10 ലക്ഷം കൂടി വിറ്റഴിക്കപ്പെട്ടു. 2019 നവംബറില്‍ 38 ലക്ഷം യൂണിറ്റുകള്‍ വിറ്റ ഏക കാറായി ഓള്‍ട്ടോ. അതിനു ശേഷം ഇതുവരെ വിറ്റഴിഞ്ഞത് രണ്ടു ലക്ഷത്തിലേറെ യൂണിറ്റുകളാണ്. ഇതിനിടെ റെനോ ക്വിഡ് പോലുള്ള കരുത്തരായ എതിരാളികള്‍ ഓള്‍ട്ടോയ്ക്കു ഭീഷണിയായി അവതരിച്ചെങ്കിലും കരുത്ത് കാട്ടി ഓള്‍ട്ടോ മുന്നേറി.
ഇതുവരെ മൊത്തം വില്‍പ്പന 40 ലക്ഷം കവിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഓള്‍ട്ടോയുമായി ഉടമകള്‍ക്കുള്ള വൈകാരിക ബന്ധവും ഈ കാറിനെ മുന്നിലെത്തിക്കാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ട്ടോ എന്ന ബ്രാന്‍ഡുമായി ശക്തമായ വൈകാരിക ബന്ധമാണ് ഉപഭോക്താക്കള്‍ക്കുള്ളത്. ഈ നേട്ടം എല്ലാ ഓള്‍ട്ടോ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.