അഹ്മദ്‌നഗര്‍- മഹാരാഷ്ട്രയിലെ അഹ്മദ്‌നഗറില്‍ കോവിഡ് ബാധിച്ച് മരിച്ച 12 പേരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കാരത്തിനായി ഒരു വാഹനത്തില്‍ ഒന്നിനു മീതെ ഒന്നായി കൂട്ടിയിട്ട് കൊണ്ടു പോയി അനാദരവ് കാട്ടിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തം. മൃതദേഹങ്ങള്‍ കൊണ്ടു പോകുന്ന വാനിലാണ് ഇവ കുത്തിനിറച്ച് കൊണ്ടു പോയത്. ഞായറാഴ്ച നടന്ന സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രദേശ വാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതോടെ അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അഹ്മദ്‌നഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനായി ശ്മശാനത്തിലേക്കു കൊണ്ടു പോകാന്‍ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ശ്രീകാന്ത് മിക്കായില്‍വാര്‍ പറഞ്ഞു. അഹ്മദ്‌നഗര്‍ ജില്ലയില്‍ 112 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. പതിനായിരത്തിലേറെ പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.