ചിത്രദുര്‍ഗ- കര്‍ണാടകയില്‍ വിജയപുരയില്‍ നിന്നും ബെംഗളുരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ച് അഞ്ചു യാത്രക്കാര്‍ വെന്തുമരിച്ചു. ഒരു സ്ത്രീയും രണ്ടു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. ബസില്‍ 32 യാത്രക്കാരുണ്ടായിരുന്നു. എഞ്ചിന്‍ തകരാറായതിനു പിന്നാലെ തീപ്പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയിയിലേക്കു മാറ്റി. ഹിരിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.