ന്യൂദൽഹി- ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ, ഫലപ്രഖ്യാപനത്തിന്റെ തിയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. അടുത്ത തിങ്കളാഴ്ച്ച പ്രധാനമന്ത്രി മോഡി ഗുജറാത്തിൽ മെഗാ റാലി നടത്തുന്നുണ്ട്. ഈ റാലിയിൽ പ്രധാനമന്ത്രിക്ക് ചില പ്രഖ്യാപനങ്ങൾ നടത്താൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിച്ചത് എന്നാണ് കോൺഗ്രസിന്റെ വാദം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാൽ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് നിയമപരമായ തടസങ്ങളുണ്ടാകും. ഇത് മറികടക്കാൻ വേണ്ടിയാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ തിയതി കമ്മീഷൻ പ്രഖ്യാപിക്കാതിരുന്നത് എന്നാണ് കോൺഗ്രസ് ഉയർത്തുന്ന വാദം. ഹിമാചൽ പ്രദേശ് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നലെ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. പകരം ഹിമാചലിൽ വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ പതിനെട്ടിനായിരിക്കും ഗുജറാത്തിലും വോട്ടെണ്ണൽ എന്ന് മാത്രമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം സംശയാസ്പദമാണെന്ന് മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറേഷിയും പ്രതികരിച്ചു. ഹിമാചലിൽ തിയതി പ്രഖ്യാപിക്കുകയും ഗുജറാത്തിലേത് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്ന് ഖുറേഷി ആവശ്യപ്പെട്ടു. എല്ലാവർക്കും ബോധ്യപ്പെടുന്ന ന്യായീകരണം അവർ നൽകണം. മോഡി അടുത്തയാഴ്ച്ച ഗുജറാത്ത് സന്ദർശിക്കുന്നുണ്ട്. ഇത് ചില സംശയങ്ങൾ ഉയർത്തുന്നുമുണ്ട്. ഇത് ദൗർഭാഗ്യകരമാണ്.- ഹിന്ദു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ഖുറേഷി പറഞ്ഞു.
എന്നാൽ കോൺഗ്രസിന്റെ ആരോപണം ദൗർഭാഗ്യകരമാണെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. കോൺഗ്രസിനെ പോലെ ഒരുപാട് കൊല്ലം രാജ്യം ഭരിച്ച ഒരു പാർട്ടി തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളുടെ മേൽ സംശയം ഉയർത്തുന്നത് ശരിയല്ലെന്നായിരുന്നു ബി.ജെ.പി വക്താവ് സുധൻഷു ത്രിവേദിയുടെ വാക്കുകൾ.
ഈ മാസം പതിനാറിന് ഗുജറാത്ത് സന്ദർശിക്കാനിരിക്കുന്ന പ്രധാനമന്ത്രി മോഡിക്ക് വേണ്ടി സൗകര്യം ചെയ്തുകൊടുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. 22 വർഷം ഗുജറാത്ത് ഭരിച്ചിട്ടും ഒന്നും നൽകാൻ പറ്റാതിരുന്ന മോഡി പുതിയ വാഗ്ദാനങ്ങളുമായി എത്തുമെന്നും ഇതിന് വേണ്ടിയുളള സൗകര്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത് എന്നുമായിരുന്നു കോൺഗ്രസിന്റെ ആരോപണം.