ന്യൂദൽഹി- രാജസ്ഥാൻ പ്രതിസന്ധിക്കിടെ മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ചയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. രാജസ്ഥാൻ പ്രതിസന്ധിയിൽ ഇതാദ്യമായാണ് രാഹുൽ ഗാന്ധി നേരിട്ട് ഇടപെടുന്നത്. രാജസ്ഥാനിലെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് നേതൃത്വവുമായി സച്ചിൻ പൈലറ്റ് ഏതാനും ദിവസങ്ങളായി കൂടിക്കാഴ്ച നടത്തിവരികയായിരുന്നു. കഴിഞ്ഞ മാർച്ചിൽ മധ്യപ്രദേശിൽനിന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചപ്പോൾ സ്വീകരിച്ചതിൽനിന്നുള്ള വ്യത്യസ്ത നിലപാടാണ് രാജസ്ഥാനിൽ കോൺഗ്രസ് സ്വീകരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും കൂടിക്കാഴ്ച നടത്തിയിരുന്നു.
ദല്‍ഹിയിലുള്ള സചിന്‍ പൈലറ്റ് ഏതാനും ദിവസങ്ങളായി കോണ്‍ഗ്രസ് നേതാക്കളെ കാണാനുള്ള ശ്രമത്തിലായിരുന്നു. രാഹുലും പ്രിയങ്കയും ഈ കൂടിക്കാഴചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. സചിന് വഴികള്‍ എളുപ്പമാക്കിയത് രണ്ടാഴ്ച മുമ്പ് പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ചയാണെന്നും റിപോര്‍ട്ടുണ്ട്. ദല്‍ഹിക്കടുത്ത ഒരിടത്തായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനു ശേഷം നിരവധി ചര്‍ച്ചകള്‍ നടന്നു. നേരത്തെ സചിന്‍ പൈലറ്റിന് അനുനയിപ്പിക്കാനുള്ള പ്രിയങ്കയുടെ ശ്രമം വിജയം കണ്ടിരുന്നില്ല. രാഹുലുമായും സോണിയയുമായും കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുക്കാമെന്ന് പ്രിയങ്ക സചിനെ അറിയിച്ചിരുന്നെങ്കിലും രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെലോട്ടിനെ നീക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു സചിന്‍.
രാജസ്ഥാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സചിന്‍ ഇന്ന് രാഹുലിനെ കണ്ടത്. പ്രത്യേക സഭാ സമ്മേളനത്തില്‍ ഗെലോട്ട് സര്‍ക്കാര്‍ വിശ്വാസ വോട്ടു തേടാനിരിക്കുകയായിരുന്നു. സചിന്‍ പൈലറ്റിനൊപ്പം 18 കോണ്‍ഗ്രസ് എംഎല്‍എമാരും വിമതരായതോടെയാണ് സര്‍ക്കാരിന്റെ നില പരുങ്ങലിലായത്. ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമത്തിലാണ് സചിനെന്നും മുഖ്യമന്ത്രി ഗെലോട്ട് ആരോപിച്ചിരുന്നു. സചിന്‍ ബിജെപിയിലേക്കു കൂടുമാറിയേക്കുമെന്ന ഊഹാപോഹവും ശക്തമായിരുന്നു. എന്നാല്‍ ഉപ മുഖ്യമന്ത്രി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവികളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടെങ്കിലും പാര്‍ട്ടി വിടില്ലെന്നു സചിന്‍ പൈലറ്റ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പാര്‍്ട്ടി എംഎല്‍എമാര്‍ വിമത നീക്കം നടത്തിയ സചിന്‍ പൈലറ്റിനും 18 എംഎല്‍എമാര്‍ക്കുമെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. 19 പേരേയും തിരിച്ചെടുക്കരുതെന്ന ഉറച്ച നിലപാടാണ് എംഎല്‍എമാര്‍ക്ക്. ഗെലോട്ടിന്റെ നീക്കത്തിനു വിരുദ്ധമാണിത്. സചിന്‍-രാഹുല്‍ കൂടിക്കാഴ്ച നടന്ന പശ്ചാത്തലത്തില്‍ ഇവരുടെ നിലപാട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും തലവേദന ആയേക്കും.