Sorry, you need to enable JavaScript to visit this website.

ഒറ്റദിവസം 64,399 കേസുകള്‍; ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 21.5 ലക്ഷം കവിഞ്ഞു

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ്19 ബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധന. ഒറ്റദിവസം മാത്രം 64,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 21,53,011 ആയി. 24 മണിക്കൂറിനിടെ 861 പേര്‍ കൂടി മരിച്ചു. ആകെ മരണ സംഖ്യ 43,379. 14.8 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇപ്പോള്‍ ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 6.28 ലക്ഷമാണ്.  കഴിഞ്ഞ മൂന്നു ദിവസമായി ഇന്ത്യയില്‍ ഓരോ ദിവസത്തേയും കോവിഡ് കേസുകള്‍ യുഎസിനേുയം ബ്രസീലിനേയും മറികടന്ന് റെക്കോര്‍ഡ് നിരക്കില്‍ ഉയരുകയാണ്. തുടര്‍ച്ചയായി മൂന്നു ദിവസങ്ങളിലും 60,000ലേറെ രോഗികളാണ് പുതുതായി രേഖപ്പെടുത്തപ്പെട്ടത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗം പടര്‍ന്ന മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. ഇവിടെ 1.47 ലക്ഷത്തിലേറെ പേര്‍ ചികിത്സയിലാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായത്. 

ഇന്നലെ 68.32 ശതമാനമായിരുന്ന ഇന്ത്യയുടെ രോഗമുക്തി നിരക്ക് 68.78 ആയി. രോഗ വ്യാപന നിരക്ക 10.28 ശതമാനത്തില്‍ നിന്ന് 8.95 ശതമാനമായി കുറഞ്ഞ് അല്‍പ്പം മെച്ചപ്പെടുകയും ചെയ്തു.
 

Latest News