കൊളംബോ- ശ്രീലങ്കയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മഹീന്ദ രജപക്ഷയുടെ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി(എസ്എല്‍പിപി)ക്ക് തൂത്തുവാരിയ വിജയം. 225 അംഗ പാര്‍ലമെന്റില്‍ 145 സീറ്റും എസ്എല്‍പിപി നേടി. സഖ്യക്ഷികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 150 സീറ്റും നേടി. നേരത്തെ രണ്ടു തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിനാണ് നടന്നത്. അന്തിമ ഫലം വെള്ളിയാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന് പ്രസിദ്ധീകരിച്ചു. രാജ്യത്തെ 22 ഇലക്ടറല്‍ ഡിസ്ട്രിക്ടുകളില്‍ നാലിടത്തൊഴികെ എല്ലായിടത്തും രജപക്ഷെയുടെ പാര്‍ട്ടി ജയിച്ചു. എല്ലായിടത്തും 60 ശതമാനം വോട്ടു നേടി. സിന്‍ഹള വിഭാഗക്കാര്‍ ഭൂരിപക്ഷമായ ദക്ഷിണ മേഖലയില്‍ എസ്എല്‍പിപിക്ക് 68 ലക്ഷം വോട്ടാണ് ലഭിച്ചത്. 59.9 ശതമാനം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍പിപി പിന്തുണയോടെ ജയിച്ച പ്രസിഡന്റ് ഗോതബയ രജപക്ഷ കാലാവധി പൂര്‍ത്തിയാക്കുന്നതിനു ആറു മാസം മുമ്പ്, മാര്‍ച്ച് രണ്ടിന് പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രി മഹിന്ദ രജപക്ഷയുടെ സഹോദരന് കൂടിയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ.
തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിങെയുടെ പാര്‍ട്ടിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്കാണ്. യുഎന്‍പിക്ക് ആകെ നേടാനായത് ഒരു സീറ്റു മാത്രം. അതും ദേശീയ തലത്തില്‍ ആകെ നേടിയ വോട്ടുകളുടെ പിന്‍ബലത്തിലാണ്. 22 ഇലക്ടറല്‍ ഡിസ്ട്രിക്ടുകളില്‍ ഒരിടത്തു പോലും യുഎന്‍പി ജയിച്ചില്ല. നാലു തവണ പ്രധാനമന്ത്രിയായ യുഎന്‍പി നോതാവ് റനില്‍ വിക്രമസിങെ 1977നു ശേഷം ആദ്യമായാണ് പാര്‍ലമെന്റിനു പുറത്താകുന്നത്. മിക്കയിടത്തും പാര്‍ട്ടി നാലാമതാണ്. കൊളംബോയിലാണ് വിക്രമസിങെ തോറ്റത്. പാര്‍ട്ടിക്ക് ലഭിച്ചത് ആകെ വോട്ടുകളുടെ വെറും രണ്ടു ശതമാനം മാത്രം.
അതേസമയം യുഎന്‍പിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു പോയി എസ്ജെപി എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയ സജിത് പ്രേമദാസയുടെ പാര്‍ട്ടി സഖ്യം 55 സീറ്റുകള്‍ നേടി. മുസ്ലിം പാര്‍ട്ടിയാണ് എസ്ജെബിയുടെ മുഖ്യ സഖ്യ കക്ഷി. കിഴക്കന്‍ തുറമുഖ ജില്ലയായ ട്രിങ്കോമാലിയില്‍ മാത്രമാണ് മുസ്ലിം പാര്‍ട്ടി ജയിച്ചത്. 27 ലക്ഷം വോട്ടു നേടിയ എസ്ജെബി രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായി.
തമിഴ് പാര്‍ട്ടിയായ ടിഎന്എയ്ക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. നേരത്തെ 16 സീറ്റുണ്ടായിരുന്ന പാര്‍ട്ടിയുടെ പ്രാതിനിധ്യം പത്തു സീറ്റായി കുറഞ്ഞു. തമിഴ് ഭൂരിപക്ഷമുള്ള മൂന്ന് ജില്ലകളില്‍ പാര്‍ട്ടി ജയിച്ചു.
ഇടതു പക്ഷ മാര്കിസിസ്റ്റു പാര്‍ട്ടിയായ ജെവിപി നേരത്തെ ഉണ്ടായിരുന്ന ആറു സീറ്റുകളില്‍ മൂന്നെണ്ണം നിലനിര്‍ത്തി. മൂന്ന് സീറ്റ് നഷ്ടമായെങ്കിലും യുഎന്‍പിയെ നാലാം സ്ഥാനത്തേക്കു തള്ളി രാജ്യത്തെ മൂന്നാമത്തെ കക്ഷിയാകാന്‍ ജെവിപിക്കു കഴിഞ്ഞു.