ന്യൂദൽഹി- സംശയകരമായ ബിസിനസ് വളർച്ചയുടെ പേരിൽ വിവാദത്തിലായ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകന് പിന്തുണയുമായി ആർ.എസ്.എസ് രംഗത്ത്. ഒരാൾക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണെന്നും എന്നാൽ അമിത് ഷായുടെ മകന്റെ കാര്യത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും ആർ.എസ്.എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്തേത്രയ ഹൊസബാലെ വ്യക്തമാക്കി. സുതാര്യമായ രീതിയിൽ ലോണെടുക്കുകയും അത് തിരിച്ചടക്കുകയും ചെയ്ത വ്യക്തിയാണ് അമിത് ഷായുടെ മകൻ ജയ്ഷാ.
ആർക്കെങ്കിലും ആരോപണം ഉന്നയിക്കുമ്പോൾ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടായിരിക്കണം. ആരോപണം ഉന്നയിച്ചവർക്ക് തന്നെയാണ് അത് തെളിയിക്കാനുള്ള ബാധ്യതയുമുള്ളതെന്നും ദത്തേത്രയ വ്യക്തമാക്കി.
ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ജയ്ഷായുടെ ബിസിനസിൽ പതിനാറായിരം ഇരട്ടി വർധനവുണ്ടായെന്ന് വയർ ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.