ജനപ്രിയ വീഡിയോ ആപ്പായ ടിക്‌ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനം ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങളുമായി മൈക്രോസോഫ്റ്റ്. ചൈനീസ് ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം നിരോധിക്കുമെന്ന ഭീഷണി നിലനിൽക്കെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയകൂടിക്കാഴ്ു ശേഷമാണ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ യു.എസ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ചർച്ച തുടരുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്.
പ്രസിഡന്റ് ട്രംപിന്റെ ആശങ്കകൾ അംഗീകരിക്കുന്നുവെന്നും ഇതിനെ അടിസ്ഥാനമാക്കി ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസുമായി ചർച്ചകൾ തുടരുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. പ്രസിഡന്റ് ട്രംപുമായി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാഡെല്ലയാണ് ചർച്ച നടത്തിയത്. ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി ടിക് ടോക്ക് നിരോധിക്കാനൊരുങ്ങിയ പ്രസിഡന്റ് ട്രംപ് തൽക്കാലം പിൻവാങ്ങിയിട്ടുണ്ട്.
ഹ്രസ്വ വീഡിയോകൾ സൃഷ്ടിക്കുകയും കാണുകയും ചെയ്യുന്ന ടിക് ടോക്കിനെ ലോകമെമ്പാടുമായി 100 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. അമേരിക്കയിലടക്കം യുവ പ്രേക്ഷകരിൽ വലിയ സ്വാധീനമുള്ള ജനപ്രിയ ആപ്ലിക്കേഷൻ നിരോധിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.
ടിക് ടോക്ക് യു.എസ് കമ്പനിക്ക് വിൽക്കുകയോ തടയുകയോ ചെയ്യണമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ ഞായറാഴ്ച ചൈനീസ് എബിസിയോട് വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷാ അപകടസാധ്യതകളെ കുറിച്ചുള്ള ആശങ്കകകൾ കണക്കിലെടുത്ത് വരും ദിവസങ്ങളിൽ തന്നെ പ്രസിഡന്റ് നടപടിയെടുക്കുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും വ്യക്തമാക്കി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധിപ്പിച്ച സോഫ്റ്റ് വെയറാണിതെന്ന ആരോപണം നേരത്തെ ടിക് ടോക്ക് നിഷേധിച്ചിരുന്നു. ചൈനീസ് രഹസ്യാന്വേഷണത്തിനുള്ള ഒരു ഉപകരണമാണിതെന്ന ആരോപണവും ഉയർന്നിരുന്നു. ടിക് ടോക്ക് ഇതും നിഷേധിച്ചു.
യു.എസ് വിപണിയിൽനിന്ന് പിന്മാറണമെന്ന മുന്നറിയിപ്പുകൾക്കിടെ, ഞങ്ങൾ എവിടെയും പോകാൻ പദ്ധതിയിടുന്നില്ലെന്ന ടിക് ടോക് യുഎസ് ജനറൽ മാനേജർ വനേസ പപ്പാസിന്റെ പ്രസ്താവന കമ്പനി യു.എസ് സ്ഥാപനത്തിനു വിൽക്കാൻ തയാറാണെന്ന സൂചനയാണ് നൽകുന്നത്.
ടിക്ക് ടോക്കിനെ നിരോധിച്ചാൽ അമേരിക്കക്കായിരിക്കും ഏറ്റവും കൂടുതൽ നഷ്ടമെന്നാണ് ഈ രംഗത്തെ വിദഗ്ധൻ ഇൻഫർമേഷൻ ടെക്‌നോളജി ആന്റ ഇന്നൊവേഷൻ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഡാനിയേൽ കാസ്‌ട്രോ അഭിപ്രായപ്പെട്ടത്. ടിക് ടോക്കിന്റെ എല്ലാ ഡാറ്റാ സെന്ററുകളും ചൈനയ്ക്ക് പുറത്താണെന്നും ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്നതിന് തെളിവുകളൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
യുഎസ് വിദേശനയം, ദേശീയ സുരക്ഷ, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി
ടിക്ക് ടോക്ക് നിരോധിക്കുന്ന യു.എസ് പ്രസിഡന്റിന്റെ ഭീഷണി ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് പ്ലാറ്റ്‌ഫോമിൽ പണം സമ്പാദിക്കുന്ന ഹ്രസ്വ വീഡിയോ നിർമാതാക്കൾക്ക് വലിയ ആശങ്കയാണുണ്ടാക്കിയത്.
ടിക് ടോക്ക് പ്ലാറ്റ്‌ഫോം തടയപ്പെട്ടാൽ ഫോളോവേഴ്‌സിനെ നഷ്ടപ്പെടാതിരിക്കാൻ പലരും ഇൻസ്റ്റഗ്രാമിലേക്കും യൂട്യൂബ് അക്കൗണ്ടുകളിലേക്കും ക്ഷണിച്ചുകൊണ്ട് ലിങ്കുകൾ പോസ്റ്റുചെയ്തിരുന്നു.
ടിക് ടോക്ക് ഉപയോക്താക്കൾ നിലവിൽ ഇഷ്ടപ്പെടുന്ന തരത്തിൽതന്നെ ലോകോത്തര സുരക്ഷ, സ്വകാര്യത, ഡിജിറ്റൽ സുരക്ഷാ പരിരക്ഷ എന്നിവ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രസ്താവനയിൽ പറഞ്ഞു.
ടിക് ടോക്ക് വാങ്ങുന്നതോടെ മൈക്രോസോഫ്റ്റിന് സോഷ്യൽ നെറ്റ്‌വർക്കിംഗ് വിപണിയിൽ പ്രവേശിക്കാൻ അവസരമൊരുങ്ങുകയാണ്. സാങ്കേതിക ഭീമനു കീഴിൽ
നിലവിൽ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ, കമ്പനികൾക്കായുള്ള സേവനമായ ടീമുകൾ എന്നിവയുണ്ട്.
നിലവിലെ 1,500 ജീവനക്കാർക്ക് പുറമേ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ടിക് ടോക്കിൽ 10,000 യു.എസ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടിക് ടോക്കിന്റെ യു.എസ് മേധാവി വാഗ്ദാനം ചെയ്യുന്നു.
ലോബിയിംഗിനായി ചൈന ഒരു കൂട്ടമാളുകളെ അമേരിക്ക നിയോഗിച്ചുവെന്നും കമ്പനിയുടെ ചുമതലയുള്ള ഒരു പാവ സിഇഒയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും വനേസ പപ്പാസിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ചൈനയുടെ കടുത്ത വിമർശകനും ബീജിംഗുമായുള്ള വ്യാപാര യുദ്ധത്തിന്റെ പ്രധാന ശിൽപിയുമായ മുതിർന്ന ട്രംപ് സഹായി പീറ്റർ നവാരോ കുറ്റപ്പെടുത്തി.