ഗുവാഹത്തി- രാമക്ഷേത്ര ഭൂമിപൂജാ ആഘോഷം അസമിലെ സോണിത്പൂരില്‍ അക്രമത്തില്‍ കലാശിച്ചു. ഇരുവിഭാഗം തമ്മിലുണ്ടായ ഏറ്റുമുട്ടിലനെ തുടര്‍ന്ന് സോണിത്പൂര്‍ ജില്ലിയിലെ രണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ഗുരുതരമായ ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാലാണ് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് മജിസ്‌ട്രേറ്റ് മാനവേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. പ്രതിഷേധത്തിന്റെ പേരില്‍ സോണിത്പൂരിലെ ചില ഗ്രൂപ്പുകള്‍ അക്രമത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിത്പൂര്‍ ജില്ലയിലെ തെലാമര, ധെകിയജുലി പോലീസ് സ്‌റ്റേഷന്‍ പ്രദേശങ്ങളിലാണ് രാത്രി 10 മണി മുതല്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രാമക്ഷേത്ര ഭൂമി പൂജ ആഘോഷിക്കുന്നതിനായി ബജ്‌റംഗ്ദള്‍ സംഘടിപ്പിച്ച ബൈക്ക് റാലിക്കിടെയാണ് സംഭവം.
സോണിത്പൂര്‍ ജില്ലയിലെ ധെകിയജുലി പട്ടണത്തിനടുത്തുള്ള ടെലിയ ഗാവോണ്‍ പ്രദേശത്താണ് ആദ്യം ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്.
തെലാമര പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഭോറ സിംഗോരി പ്രദേശത്തെ ശിവക്ഷേത്രത്തിലേക്കാണ് നൂറുകണക്കിനു ബൈക്കുകള്‍ പങ്കെടുത്ത റാലി ബജ്‌റംഗ്ദള്‍ സംഘടിപ്പിച്ചത്. ഇവര്‍
ടെലിയ ഗാവോണിലെത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. നാട്ടുകാരുടെ പ്രതിഷേധമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഇരുഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഏതാനും ബൈക്കുകള്‍ക്ക് തീയിട്ടു.
സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സോണിത്പൂര്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. പരിക്കേറ്റവര്‍ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.