ന്യൂദൽഹി- അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക സർക്കാർ പുറത്തുവിട്ടു. മൂന്നു നിലകളുള്ള ക്ഷേത്തിന്റെ ശിലാഘടനയാണ് പുറത്തുവിട്ടത്. സ്തൂപങ്ങളും താഴികക്കുടങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകും. ക്ഷേത്രത്തിന്റെ അകക്കാഴ്ചകളുടെ ചിത്രങ്ങളും പുറത്തുവന്നു. നേരത്തെ തീരുമാനിച്ച ക്ഷേത്ര മാതൃക സുപ്രീം കോടതി വിധിക്ക് ശേഷമാണ് പരിഷ്‌കരിച്ചത്. നാളെയാണ് ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തറക്കല്ലിടുന്നത്. പ്രധാനമന്ത്രിക്ക് പുറമെ നാലു പേർ മാത്രമാണ് വേദിയിലുണ്ടാകുക. 150 പേർ ചടങ്ങിനെത്തും.
അതിനിടെ, ഭൂമി പൂജയുടെ ഭാഗമായുള്ള പരിപാടികൾ അയോധ്യയിൽ തുടങ്ങി. രാംകി പൗഡിയിൽ ആരതിയും ഹോമവും നടന്നു. സരയു നദിക്ക് കുറുകെയുള്ള പാലവും അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളും ദീപങ്ങളാൽ അലങ്കരിച്ചു. മോഡി നാളെ മൂന്നു മണിക്കൂർ അയോധ്യയിൽ ചെലവഴിക്കും. ദൽഹിയിൽനിന്ന് ലഖ്‌നൗവിലെത്തുന്ന മോഡി അവിടെനിന്ന് ഹെലികോപ്റ്ററിൽ അയോധ്യയിലേക്ക് പോകും. കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്.