Sorry, you need to enable JavaScript to visit this website.

സുശാന്തിന്റെ മരണം അന്വേഷിക്കുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥന് മുംബൈയില്‍ നിര്‍ബന്ധിത ക്വാറന്റീന്‍

മുംബൈ- ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ അസ്വാഭാവിക മരണം അന്വേഷിക്കുന്ന ബിഹാറില്‍ നിന്നുള്ള ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍ വിനയ് തിവാരിയെ മുംബൈ അധികൃതര്‍ നിര്‍ബന്ധിച്ച് ക്വാരന്റീനിലാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണാ കേസ് അന്വേഷിക്കുന്ന ബിഹാര്‍ പോലീസ് സംഘത്തിന്റെ തലവനാണ് തിവാരി. അന്വേഷണത്തിന്റെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു. ഞായറാഴ്ച മുംബൈയില്‍ എത്തിയ ഉടന്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വം ക്വാറന്റീനിലാക്കുകയായിരുന്നുവെന്ന് ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു. 

നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും വിനയ് തിവാരിക്ക് ഐപിഎസ് മെസില്‍ താമസ സൗകര്യം നല്‍കിയില്ലെന്നും ഗോര്‍ഗാവിലെ ഒരു ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം കഴിയുന്നതെന്നും ഡിജിപി പറഞ്ഞു.

സുശാന്തിന്റെ അച്ഛന്‍ പട്‌ന പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാര്‍ പോലീസ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിയാണ് സുശാന്തിന്റെ ആത്മഹത്യയ്ക്കുക പിന്നിലെ പ്രേരണ എന്നും അച്ഛന്‍ ആരോപിക്കുന്നു. പട്‌ന ഈസ്റ്റ് സിറ്റി എസ് പിയാണ് കേസന്വേഷിക്കുന്ന വിനയ് തിവാരി. 

അസ്വാഭാവിക മരണം സംബന്ധിച്ച് മുംബൈ പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതുവരെ 40ഓളം പേരുടെ മൊഴികള്‍ മുംബൈ പോലീസ് രേഖപ്പെടുത്തി. ജൂണ്‍ 24നാണ് ബാന്ദ്രയിലെ വസതിയില്‍ 34കാരനായ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest News