കഡലൂര്‍- മത്സ്യത്തൊഴിലാളിയെ 10 അംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീര ഗ്രമത്തില്‍ സംഘര്‍ഷം. ശനിയാഴ്ച രാത്രിയാണ് കഡലൂരിനു സമീപം തസാങ്കുഡയില്‍ അക്രമവും കൊള്ളിവെപ്പും ആരംഭിച്ചത്. കൊല്ലപ്പെട്ടയാളോട് ബന്ധമുള്ളവര്‍ വ്യാപക നാശനഷ്ടം വരുത്തി.
രാത്രി പത്ത് മണിക്കുണ്ടായ അക്രമത്തില്‍ 20 മത്സ്യബന്ധന ബോട്ടുകളും ഇരുചക്ര വാഹനങ്ങളും കാറുകളും കത്തിച്ചു. തീവെപ്പുമായി ബന്ധപ്പെട്ട് 43 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മസിലാമണിയുടെ സഹോദരന്‍ മഡിവാനന്‍ (36) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റിന്റേയും മുന്‍ പ്രസിഡന്റ് മസിലാമണിയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാന പ്രശ്‌നമായി മാറിയിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മഡിവാനന്റെ മരണവാര്‍ത്ത പ്രചരിച്ചയുടന്‍ ഇയാളുടെ അനുയായികള്‍ ഗ്രാമത്തിലെത്തി മത്സ്യബന്ധന ബോട്ടുകള്‍ കത്തിക്കുകയും എതിരാളികളുടെ 10 വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു.
പോലീസ് സൂപ്രണ്ട് എം. ശ്രീ അഭിനവ്, വില്ലുപുരം റേഞ്ച് ഡി.ഐ.ജി കെ. എജിലീരാസനെ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. കൂടുതല്‍ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.