ന്യൂദല്‍ഹി- അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട ഇന്ത്യയുടേയും ചൈനയുടേയും മുതിര്‍ന്ന സൈനികര്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഞ്ചാമത് ചര്‍ച്ച ഇന്നു നടക്കും. അതിര്‍ത്തി നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോവിലാണ് ഇരുരാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മിലുള്ള കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുകയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഡാക്കിലെ ഫിങര്‍ മേഖലയില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങണമെന്ന ആവശ്യത്തില്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യയുടെ നിലപാട്. 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ജൂണിലെ അതിര്‍ത്തി ഏറ്റുമുട്ടലിനു ശേഷം സംഘര്‍ഷം ലഘൂകരിക്കാന്‍ അഞ്ചാം തവണയാണ് ഇരു സൈനിക നേതൃത്വങ്ങളും ചര്‍ച്ച നടത്തുന്നത്. കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ പി്ന്‍മാറ്റ നടപടിയില്‍ പുരോഗതി ഉണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് വ്യാഴാഴ്ച ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. പിന്മാറ്റ നടപടികള്‍ ഇരുരാജ്യങ്ങളും പൂര്‍ത്തിയാക്കിയെന്ന ചൈനയുടെ വാദത്തിനു മറുപടിയായി ആയാണ് ഈ പ്രസ്താവന വന്നത്. അതേസമയം ചൈന അതിക്രമിച്ചു കയറിയ ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ പലയിടത്തു നിന്നും സേനയെ ചൈന പിന്‍വലിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.