വിജയവാഡ- ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് അംഗീകാരം നല്കി. കൂടാതെ എപി ക്യാപിറ്റല്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റി റദ്ദാക്കുന്ന ബില്ലിലും ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദര്‍ ഒപ്പു വെച്ചു.വിശാഖപട്ടണം, കുര്‍നൂല്‍, അമരാവതി എന്നീ നഗരങ്ങളാണ് സംസ്ഥാന ആസ്ഥാനങ്ങളായി മാറുന്നത്. വിശാഖപട്ടണം ഭരണനിര്‍വഹണ ആസ്ഥാനമായി മാറും. ഹൈക്കോടതി ആസ്ഥാനം കുര്‍നൂലിലേക്ക് മാറ്റുന്നതിലൂടെ ഈ നഗരം നിയമ തലസ്ഥാനമായി മാറും. നിയമസഭ അമരാവതിയില്‍ തുടരുന്നതിലൂടെ നിയമനിര്‍മാണ ആസ്ഥാനം അമരാവതിയായിരിക്കും.
വര്‍ഷത്തില്‍ 40 ദിവസത്തില്‍ താഴെ മാത്രമാണ് നിയമസഭ സമ്മേളിക്കുന്നത് എന്നതിനാല്‍ മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന വിശാഖപട്ടണമായിരിക്കും പ്രധാന ഭരണകേന്ദ്രം. ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും ഇവയ്ക്കെതിരെ അമരാവതിയിലെ കര്‍ഷകര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കോടതി വിധി വന്നതിനു ശേഷം മാത്രമേ ബില്‍ നിലവില്‍ വരികയുള്ളൂ.അധികാരവികേന്ദ്രീകരണം സംബന്ധിച്ചുള്ള തീരുമാനത്തിനായി സര്‍ക്കാര്‍ ജിഎന്‍ റാവു കമ്മിറ്റിയെ നിയമിക്കുകയും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിനെ പഠനത്തിനായി നിയോഗിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബില്ലുകള്‍ രൂപപ്പെടുത്തിയത്.