ന്യൂദല്‍ഹി- നികുതി വെട്ടിച്ച് നിയമവിരുദ്ധമായി സ്വര്‍ണം സൂക്ഷിച്ചുവെക്കുന്നവര്‍ക്ക് നികുതിയും പിഴയുമടച്ച് സ്വര്‍ണ ശേഖരം നിയമവിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങുന്നു. കയ്യിലുള്ള സ്വര്‍ണം വെളിപ്പെടുത്തുന്നവര്‍ക്ക് മാപ്പു നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ധനമന്ത്രാലയത്തിന്റെ സജീവ ആലോചനയിലുള്ള പദ്ധതി പ്രകാരം പൂഴ്ത്തിവെച്ച സ്വര്‍ണ ശേഖരം വെളിപ്പെടുത്താന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടും. നികുതിയും പിഴയും ഈടാക്കിയ ശേഷം ഇങ്ങനെ വെളിപ്പെടുത്തിയ സ്വര്‍ണ ശേഖരത്തിന്റെ ഒരു ഭാഗം ഏതാനും വര്‍ഷത്തേക്ക് സര്‍ക്കാരില്‍ നിക്ഷേപിക്കുകയും ചെയ്യേണ്ടി വരും. പദ്ധതിക്ക് അന്തിമ രൂപമായിട്ടില്ല. ഇതു സംബന്ധിച്ച് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. നികുതി വെട്ടിപ്പ് തടയുകയും സ്വര്‍ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടു വരികയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണ ശേഖരം ഇന്ത്യയിലാണ്. 25,000 ടണ്ണിലേറെ വരും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പൂഴ്ത്തിവെച്ച സ്വര്‍ണം. സ്വര്‍ണ ഡിമാന്‍ഡ് കുറച്ച് ഇറക്കുമതി ചുരുക്കുകയും ബദല്‍ നിക്ഷേപങ്ങള്‍ക്കായി പുതിയ വഴികളൊരുക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. കഴിഞ്ഞ വര്‍ഷവും 2015ലും ഇതിനായി പ്രധാനമന്ത്രി മോഡി പുതിയ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നെങ്കിലും അവയൊന്നും വിജയം കണ്ടില്ല. വീട്ടിലിരിക്കുന്ന ആഭരണങ്ങളും വിശേഷ സന്ദര്‍ഭങ്ങളില്‍ അണിയുന്നതുമായ സ്വര്‍ണം കയ്യൊഴിയാന്‍ ഒരു വിഭാഗം ജനങ്ങള്‍ തയാറാകത്തതും മറ്റൊരു വിഭാഗം നികുതി വകുപ്പിന്റെ പിഴ ഭയന്നും വിട്ടു നിന്നതോടെ ഈ പദ്ധതികള്‍ വിജയം കാണാതെ പോയി.