സുശാന്ത് സിംഗ് രജ്പുത്തിന്റെ ദുരൂഹ മരണത്തിനു പിന്നാലെ ബോളിവുഡിലെ കുത്സിത പ്രവർത്തനങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധത്തിന് ആക്കം കൂട്ടുന്നതായിരുന്നു പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ബോളിവുഡിൽ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ റഹ്മാൻ തുറന്നടിച്ചു.
'ബോളിവുഡിൽ അടുത്ത കാലത്തായി വളരെക്കുറച്ച് സിനിമകളിലേ ഭാഗമായിട്ടുള്ളൂ. നല്ല സിനിമകൾ വേണ്ടെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ഒരു സംഘമുണ്ടെന്ന് ഞാൻ കരുതുന്നു, തെറ്റിദ്ധാരണകൾ കാരണം ചില തെറ്റായ അഭ്യൂഹങ്ങൾ ഇവർ പ്രചരിപ്പിക്കുന്നു'വെന്ന് റഹ്മാൻ പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ 'ദിൽ ബേചാര'ക്ക് സംഗീതം നൽകിയത് എ.ആർ. റഹ്മാനാണ്. ഈ ചിത്രത്തിന്റെ സംവിധായകൻ മുകേഷ് ഛബ്ര തന്നോട് ചില കാര്യങ്ങൾ പറഞ്ഞതായി റഹ്മാൻ വെളിപ്പെടുത്തി. 'പലരും അദ്ദേഹത്തോട് പറഞ്ഞുവത്രേ. റഹ്മാനു പിന്നാലെ പോകേണ്ടെന്നും മറ്റും. ആലോചിച്ചപ്പോൾ എനിക്ക് മനസ്സിലായി. എന്തുകൊണ്ടാണ് നല്ല സിനിമകൾ എന്നെ തേടി വരാത്തതെന്ന്. എന്തുകൊണ്ടാണ് വളരെക്കുറച്ച്, കമേഴ്സ്യൽ അല്ലാത്ത ചിത്രങ്ങൾ മാത്രം എനിക്ക് ലഭിക്കുന്നതെന്ന്'.
ബോളിവുഡിൽ റഹ്മാൻ ഏറ്റവുമൊടുവിൽ സംഗീതം നിർവഹിച്ചതും 'ദിൽ ബേചാര'യിലാണ്. സഞ്ജന സാംഗിയായിരുന്നു ചിത്രത്തിൽ സുശാന്തിന്റെ നായിക. ജോൺ ഗ്രീന്റെ നോവൽ 'ദി ഫാൾട്ട് ഇൻ ഔർ സ്റ്റാർസ്' അടിസ്ഥാനമാക്കിയുള്ള ചിത്രം ഈയിലെ ഓൺലൈനിൽ റിലീസ് ചെയ്തിരുന്നു.
'ദിൽ ബേചാരയുടെ സംഗീതം നിർവഹിക്കാൻ സംവിധായകൻ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നാല് പാട്ടുകൾക്ക് ഞാൻ ഈണം നൽകി.
പ്രേക്ഷകർ എന്നിൽ നിന്നും ഹിറ്റുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ എനിക്കെതിരെ പലരും പ്രവർത്തിക്കുകയും ചെയ്യുന്നു. നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ശ്രമിക്കുന്നുണ്ട്. ഞാൻ വിധിയിൽ വിശ്വസിക്കുന്നു, എല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കുന്നു. മനോഹരമായ സിനിമകൾ നിർമിക്കുക. എന്റെ അടുത്തേക്ക് നിങ്ങൾക്കെല്ലാവർക്കും സ്വാഗതം' -റഹ്മാൻ കൂട്ടിച്ചേർത്തു.
റഹ്മാന്റെ പ്രസ്താവനക്ക് പിന്നാലെ ബോളിവുഡ് തന്നെ അവഗണിക്കുന്നതായി വെളിപ്പെടുത്തി ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടിയും രംഗത്തെത്തി. ഓസ്‌കർ കിട്ടിയ ശേഷം ഹിന്ദി സിനിമാ രംഗത്തുനിന്ന് തനിക്ക് അവസരം കുറഞ്ഞതായി പൂക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
എന്നാൽ റഹ്മാന്റെ പ്രസ്താവനക്ക് മറുപടിയുമായാണ് പ്രശസ്ത സംവിധായകൻ ശേഖർ കപൂർ രംഗത്തെത്തിയത്. നിങ്ങളുടെ പ്രശ്നം നിങ്ങൾ തിരിച്ചറിയണമെന്നും ബോളിവുഡിനേക്കാൾ കൂടുതൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാനാകുമെന്നാണ് ഓസ്‌കർ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'നഷ്ടപ്പെട്ട പണവും പ്രതാപവും തിരികെ ലഭിക്കും. പക്ഷേ പാഴാക്കുന്ന സമയം തിരികെ ലഭിക്കില്ല. നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. കൂടുതൽ വിവാദങ്ങൾക്കില്ല' എന്നായിരുന്നു ഇതിന് റഹ്മാൻ നൽകിയ മറുപടി.
ശേഖർ കപൂറിന്റെ ട്വീറ്റിന് മറുപടിയുമായി റസൂൽ പൂക്കുട്ടിയും രംഗത്തെത്തി. 'ബ്രേക്ക്ഡൗണിന് അടുത്തുകൂടിയാണ് ഞാൻ പോകുന്നത്. ഓസ്‌കർ നേട്ടത്തിന് ശേഷം ഹിന്ദിയിലും പ്രാദേശിക സിനിമകളിലും എനിക്ക് അവസരം കുറഞ്ഞു. ചില പ്രൊഡക്ഷൻ ഹൗസുകൾ നിങ്ങളെ വേണ്ടെന്ന് മുഖത്ത് നോക്കി പറഞ്ഞു. പക്ഷേ ഞാനെന്റെ ഇൻഡസ്ട്രിയെ സ്നേഹിക്കുന്നു' -റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തു.
അതേസമയം തമിഴ് സിനിമാ രംഗത്ത് റഹ്മാന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദക്ഷിണേന്ത്യൻ നടിമാർക്ക് ബോളിവുഡിൽ കിട്ടുന്ന സ്വീകാര്യത പുരുഷന്മാർക്ക് കിട്ടാറില്ലെന്ന് കവി വൈരമുത്തു തുറന്നടിച്ചു.