തന്റെ ബംഗ്ലാവ് ലഭിച്ച ബി.ജെ.പി എം.പിക്ക് ആശംസ നേര്‍ന്ന് പ്രിയങ്ക

ന്യൂദല്‍ഹി- വര്‍ഷങ്ങളായി താന്‍ താമസിച്ചിരുന്ന  ബംഗ്ലാവ് പുതുതായി അനുവദിച്ച ബി.ജെ.പി എംപി അനില്‍ ബലൂണിക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

അനില്‍ ബലൂണിയുമായും ഭാര്യയുമായും സംസാരിച്ചുവെന്നും അവരുടെ നല്ല ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

പുതിയ വീടിന് ആശംസകള്‍ നേരുന്നതിനു പുറമെ  ഈ വസതി തനിക്ക് നല്‍കിയ സന്തോഷം  അവര്‍ക്കും ലഭിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും ഹിന്ദിയില്‍ നല്‍കിയ ട്വീറ്റില്‍ പ്രിയങ്ക പറഞ്ഞു.

ഈ മാസം ആദ്യം ഒഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ച പ്രിയങ്ക അടുത്ത ദിവസം ലോധി റോഡ് ബംഗ്ലാവ് വിട്ടുപോകും. എസ്പിജി സുരക്ഷ നീക്കം ചെയ്ത ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രിയങ്കയോട് ബംഗ്ലാവ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടതും പിന്നീട് ബി.ജെ.പി നേതാവ് അനില്‍ ബലൂണിക്ക് അനുവദിച്ചതും.

താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ അവര്‍ നേരത്തെ നിഷേധിച്ചിരുന്നു.

ഒരു മുതിര്‍ന്ന നേതാവ് വിളിച്ചിരുന്നുവെന്നും പ്രിയങ്കക്ക്  ഏതാനും ആഴ്ചകള്‍ കൂടി നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രിയങ്ക മറുപടി നല്‍കിയത്.

 

 

Latest News