ചണ്ഡീഗഡ്- ബലാല്‍സംഗക്കേസില്‍ സിബിഐ പ്രത്യേക കോടതി വിധിച്ച 20 വര്‍ഷം തടവ് ശിക്ഷ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശിക്ഷക്കെതിരെ ദേര സച്ച സൗദ നേതാവായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്വീകരിച്ചു. ഗുര്‍മീതിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയക്കുകയും ചെയ്തു. രണ്ട് ഹര്‍ജികളിലും ഒന്നിച്ചു വാദം കേള്‍ക്കും. തിങ്കളാഴ്ച് കേസ് പരിഗണിച്ച ഡിവിഷന് ബെഞ്ച് ഗുര്‍മീതിന്റെ അഭിഭാഷകനോട് സിബിഐ കോടതി വിധിച്ച 30 ലക്ഷം രൂപ പിഴ ഉടന്‍ അടക്കമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ തന്റെ കക്ഷിയായ ഗുര്‍മീത് ലോക്യം പരിത്യജിച്ചിരിക്കുകയാണെന്നും വിചാരണ കോടതി വിധിച്ച 30 ലക്ഷം രൂപ പിഴ ഈ അവസ്ഥയില്‍ അടക്കാന്‍ കഴിയില്ലെന്നും ഗുര്‍മീതിനു വേണ്ടി ഹാജരായ നവ്കിരണ്‍ സിങ് കോടതിയില്‍ പറഞ്ഞു. ദേരയുടെ സ്വത്തുക്കളെല്ലാം കണ്ടു കെട്ടിയിരിക്കുകയാണെന്നും ഇത്രയും തുക കണ്ടെത്താവുന്ന സ്ഥിതിയിലല്ല ഇപ്പോള്‍ ഗുര്‍മീത് ഉള്ളതെന്നും ജസ്റ്റിസുമാരായ സുധീര്‍ മിത്തല്‍, സുര്യ കാന്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മുമ്പാകെ വ്യക്തമാക്കി.
എങ്കിലും രണ്ടു മാസത്തിനകം ഈ പിഴ തുക പഞ്ച്കുളയിലെ സിബിഐ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അപ്പീല്‍ തീര്‍പ്പാക്കുന്നതു വരെ ഈ തുക ദേശസാല്‍കൃതബാങ്കില്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തന്റെ രണ്ട് വനിതാ അനുയായികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലാണ് ഗുര്‍മീതിനെ സിബിഐ കോടതി 20 വര്‍ഷം തടവിനു ശിക്ഷിച്ചത്. ഈ വിധിയെ ചോദ്യം ചെയ്ത് സെപ്തംബര്‍ 25-നാണ് ഗുര്‍മീത് ഹൈക്കോടതിയെ സമീപിച്ചത്.