Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യാന്‍ വിപ്പുമായി ബി.എസ്.പി

ജയ്പൂര്‍- രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിനെതിരെ വോട്ടുചെയ്യാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) ആറ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. സച്ചിന്‍ പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള  എം.എല്‍.എമാരും ആരംഭിച്ച കലാപത്തെ തുടര്‍ന്ന് സര്‍ക്കാരിനെ രക്ഷിക്കാന്‍ ഗെലോട്ട് പാടുപെടുന്നതിനിടെയാണ് ബി.എസ്.പിയുടെ നടപടി.

അതേസമയം, ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ആറു എംഎല്‍എമാരും കോണ്‍ഗ്രസില്‍ ലയിച്ചതനാല്‍ പാര്‍ട്ടിയുടെ വിപ്പ് സാങ്കേതിക പ്രശ്‌നങ്ങളാല്‍ നടപ്പിലാകാനിടയില്ലെന്നും പറയുന്നു.  സാങ്കേതികമായി നോക്കിയാല്‍ രാജസ്ഥാന്‍ നിയമസഭയില്‍ ബി.എസ്.പി എംഎല്‍എമാരില്ല.

രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഈ ആറ് എം.എല്‍.എമാരെയും ബിഎസ്പി എം.എല്‍.എമാരായി പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നുവെങ്കിലും സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് കമ്മീഷന്‍  പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നില്ല.  

ആര്‍ ഗുഡ, ലഖന്‍ സിംഗ്, ദീപ് ചന്ദ്, ജെ എസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി വൈകി ബി.എസ്.പി  വിപ്പ് നല്‍കിയത്.

ആറ് എം.എല്‍.എമാര്‍ക്കും വെവ്വേറെയും കൂട്ടായും നോട്ടീസ് നല്‍കിയിട്ടുണ്ട്, ബി.എസ്.പി ദേശീയ പാര്‍ട്ടിയായതിനാല്‍ സംസ്ഥാന തലത്തില്‍ ലയനം നടത്താന്‍ കഴിയില്ലെന്നും വിപ്പ് ലംഘിച്ചാല്‍ അവരെ അയോഗ്യരാക്കുമെന്നും ബി.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

Latest News