ആകാശത്തോളം വലുതാണ് സ്വപ്‌നങ്ങൾ. ഭൂമിയിൽ കാലുറപ്പിച്ച് ഭാവിയിലേക്ക് സ്വപ്‌നങ്ങൾ നെയ്തുകൂട്ടുമ്പോൾ, മുന്നിലുള്ള പ്രതിബന്ധങ്ങളെ ആകാശ് കെ. അനിൽ എന്ന കൗമാരക്കാരൻ ഗൗനിക്കുന്നില്ല. തളരാതെയും തകരാതെയും ജീവിതത്തെ മുന്നോട്ടുനയിക്കാനുള്ള പാഠങ്ങൾ ഇതിനകം തന്നെ അവൻ ആർജിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തോടെ ദുരിതങ്ങളെ തട്ടിയകറ്റാൻ ശീലിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ, 94 ശതമാനം ബധിരതയുടെ ഭാരവും ശരീരത്തെ ബുദ്ധിമുട്ടിക്കുന്ന പാൻക്രിയാറ്റൈറ്റിസിന്റെ ശല്യവും വകവെക്കാതെ 1200 ൽ 1197 മാർക്ക് വാങ്ങി അവൻ പ്ലസ് ടു പരീക്ഷ പാസ്സായത്. വെറും മൂന്നു മാർക്ക് മാത്രമേ അവൻ വിട്ടുകൊടുത്തുള്ളു.
ഒന്നാം ക്ലാസ്സിൽ ചേരുമ്പോൾ മുതൽ ആകാശിന്റെ ചെവിയിൽ ശ്രവണസഹായിയുണ്ട്. സംസാരിക്കാനും ചെറിയ പ്രയാസമുണ്ട്. അതുപക്ഷെ ഒരു പോരായ്മയായി അവൻ കാണുന്നില്ല എന്നതാണ് വലിയ കാര്യം. കൊല്ലം ജില്ലയിലെ പുനലൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽനിന്ന് ഇത്തവണ പ്ലസ്ടുവിന് മികച്ച മാർക്ക് വാങ്ങി പാസ്സായ ആകാശിനെ അഭിനന്ദിക്കാൻ ഒരു നാടു മുഴുവനുണ്ട്. കാരണം, അവർക്കറിയാം അവൻ താണ്ടിയ കനൽ പാതകളെക്കുറിച്ച്.
തികച്ചും സാധാരണ കുടുംബത്തിലെ അംഗമായ ആകാശിന്റെ അച്ഛൻ അനിൽ കഴിഞ്ഞ വർഷമാണ് മരിച്ചത്. ഏറെ വർഷങ്ങളായി അർബുദത്തിന്റെ പിടിയിലായിരുന്നു ടാക്‌സി ഡ്രൈവറായിരുന്ന അനിൽ. ആകാശ് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അനിലിന് അസുഖം പിടിപെട്ടത്. പത്താം ക്ലാസ്സിൽ പരീക്ഷയെഴുതാൻ പോകുമ്പോൾ അച്ഛൻ ഗുരുതര നിലയിലായിരുന്നു. പതിനൊന്നിൽ പഠിക്കുമ്പോൾ നില വളരെ മോശമായി. പന്ത്രണ്ടിലെത്തിയപ്പോൾ ഏകാശ്രയമായ അച്ഛൻ വിട്ടുപോയി. ഇതൊന്നും ആകാശിനെ തളർത്തിയില്ല. പഠനത്തിലെ അവന്റെ ഏകാഗ്രത കുറക്കാൻ ഇതിനൊന്നുമായില്ല. പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ്സുമായാണ് അവനെത്തിയത്. പതിനൊന്നിൽ ആകെ നഷ്ടമായത് മൂന്നു മാർക്ക്. പന്ത്രണ്ടിൽ ഒരു മാർക്ക് പോലും വഴുതിപ്പോകാൻ അവൻ സമ്മതിച്ചില്ല. രോഗക്കിടക്കയിൽ, മകന്റെ മാർക്കുകൾ അറിയുമ്പോഴുള്ള അച്ഛന്റെ സന്തോഷം ഇപ്പോഴും അവൻ നിറകണ്ണുകളോടെ ഓർക്കുന്നു.
അച്ചൻകോവിൽ എന്ന മലയോര പ്രദേശത്തിന്റെ ഭാഗമായ, പുനലൂരിൽനിന്ന് 12 കി.മീ അകലെയുള്ള കറവൂർ എന്ന കുഗ്രാമത്തിലാണ് ആകാശിന്റെ വീട്. ഗതാഗത സൗകര്യങ്ങൾ നന്നെ കുറവുള്ള ഇവിടെനിന്ന് കിലോമീറ്ററുകൾ നടന്നാണ് ആകാശ് ബസ് സ്റ്റോപ്പിലെത്തുക. അച്ഛന്റെ മരണശേഷം തൊഴിലുറപ്പ് ജോലിക്കും മറ്റും പോയികിട്ടുന്ന വരുമാനം കൊണ്ടാണ് അമ്മ ആകാശിനെ പഠിപ്പിക്കുന്നത്. ഒരു സഹോദരിയാണ് ആകാശിന്. അവരുടെ വിവാഹം കഴിഞ്ഞു.
ആകാശിന് എന്നും തണലായി കൂട്ടുകാരുണ്ടായിരുന്നു. താങ്ങായി അധ്യാപകരും. അവരെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ് ആകാശിന്. അധ്യാപകർ അവനായി പ്രത്യേകം ക്ലാസ്സുകളൊരുക്കി. കൂട്ടുകാർ നിഴൽപോലെ പിന്തുടർന്ന് സഹായിച്ചു. സുഹൃത്തുക്കൾക്കും അധ്യാപകർക്കും ഒരു കുട്ടിയെ എങ്ങനെ കൈപിടിച്ചുയർത്താമെന്നതിന്റെ ഉദാഹരണമായി ആകാശിനെ ചൂണ്ടിക്കാണിക്കുന്നു പ്രിൻസിപ്പൽ രാജശ്രീ ടീച്ചർ. പ്രത്യേകിച്ച് ആകാശിന്റെ പ്രിയസുഹൃത്ത് ബ്രൈറ്റിന്റെ പങ്ക് ടീച്ചർ എടുത്തുപറയുന്നു. സമൂഹത്തിന്റെ കരുതലും സഹായവും ഇനിയും ആകാശിന് വേണമെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു അവർ. ആകാശിന് തന്റെ സ്വപ്‌നങ്ങളിലേക്ക് ഓടിയടുക്കേണ്ടതുണ്ട്. കൈപിടിക്കാൻ നാമെല്ലാം വേണം.
ഫിസിക്‌സ് മുഖ്യവിഷയമായി ബിരുദപഠനത്തിന് ചേരാനാണ് ആകാശിന് താൽപര്യം. പിന്നീട് ബിരുദാനന്തര ബിരുദവുമെടുത്ത് അധ്യാപകനാകണം. നല്ല വിദ്യാഭ്യാസവും ജോലിയും വേണമെന്നത് ആകാശിന്റെ നിശ്ചയദാർഢ്യമാണ്. എപ്പോഴും പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്ന ആകാശിന് അത് സാധ്യമാകും എന്നാണ് അധ്യാപകർ പറയുന്നത്. ക്ലാസ്സുകളിൽ എപ്പോഴും സജീവമാണ് ആകാശ്. ഒരിക്കലും മടിപിടിച്ചിരിക്കുന്നത് കാണാനാവില്ല. ഒന്നിനും പിന്നോട്ടു പോകില്ല. എത്തിപ്പിടിക്കാൻ ഏറെയുണ്ടെന്ന നിശ്ചയദാർഢ്യം അവനെ എപ്പോഴും മുന്നോട്ടു നയിക്കുന്നു.
എല്ലാ പ്രതിബന്ധങ്ങളേയും പുഞ്ചിരിയിൽ അലിയിച്ചുകളയുന്നതാണ് ആകാശിന്റെ സ്വഭാവമെന്ന് അധ്യാപികയായ ബിന്ദു ആർ. കുറുപ്പ് പറയുന്നു. കരുത്തുള്ള മനസ്സാണ്. തികഞ്ഞ ആത്മവിശ്വാസം. ഒപ്പം അധ്യാപകരുടേയും ചങ്ങാതിമാരുടേയും കുടുംബത്തിന്റേയും കലർപ്പില്ലാത്ത പിന്തുണ- ആകാശിന്റെ വിജയത്തിന് പിന്നിൽ ടീച്ചർ കാണുന്നത് ഇതൊക്കെയാണ്.
ആകാശിനെ സംബന്ധിച്ച് ജീവിതം ഒരു പോരാട്ടമാണ്. ശാരീരിക വൈകല്യങ്ങളെ ചെറുത്തുതോൽപിക്കണം, പ്രാരബ്ധമുള്ള കുടുംബത്തിന് അത്താണിയാകണം. പഠനം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകണം. പക്ഷെ ആകാശ് ഒരു പോരാളിയാണ്. അവൻ ആത്മവിശ്വാസത്തോടെ അതൊക്കെ നേരിടുകതന്നെ ചെയ്യും. കൈപിടിക്കാൻ നമ്മളെല്ലാം ഉണ്ടാകുമെന്ന് അവനറിയാം. ഉണ്ടാകില്ലേ?. ആകാശിനെ ബന്ധപ്പെടാം: +916238369728