Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുട്ടികളെ മനുഷ്യകടത്ത് സംഘങ്ങള്‍  ഉപയോഗിക്കാന്‍ സാധ്യതയെന്ന് ആശങ്ക 

പാലക്കാട്-സംസ്ഥാനത്ത് കുട്ടികളെ മനുഷ്യക്കടത്തു സംഘങ്ങള്‍ വലിയതോതില്‍ ഉപയോഗിക്കാനുള്ള സാധ്യത തടയാനുള്ള നടപടികളുടെ ഭാഗമായി പഞ്ചായത്തുകളിലും നഗരസഭകളിലും കുട്ടികളുടെയും അവരുടെ സ്ഥിതിയെയും സംബന്ധിച്ച് അടിയന്തരമായി റജിസ്റ്റര്‍ തയാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി. കോവിഡുകാലത്തെ സാമ്പത്തിക തകര്‍ച്ചയും അനുബന്ധ പ്രശ്‌നങ്ങളും മുതലെടുത്തു മനുഷ്യക്കടത്തുസംഘങ്ങള്‍ സജീവമാകാന്‍ നീക്കം നടത്തുന്നെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണു സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയത്.
മനുഷ്യക്കച്ചവടം, വ്യഭിചാരം, ബാലവേല എന്നിവയ്ക്കു കുട്ടികളെ ഉപയോഗിക്കുന്ന രീതിയാണ് ഇത്തരം സംഘങ്ങളുടേത്. സംസ്ഥാനങ്ങള്‍ തമ്മിലും തദ്ദേശസ്ഥാപനങ്ങള്‍ തമ്മിലും വിഷയത്തില്‍ ആശയവിനിമയം നടത്തണം. കുട്ടികളുടെ വാര്‍ഡുതല കണക്കും സ്ഥിതിയുമാണു ശേഖരിക്കേണ്ടത്. അവരുടെ കുടുംബങ്ങളെ സമീപിക്കുന്നവരെക്കുറിച്ചും നിരീക്ഷിക്കണം. കോവിഡ് വ്യാപനത്തിനുശേഷം കാണാതായ കുട്ടികളെ കണ്ടെത്താന്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടങ്ങള്‍, റെസിഡന്‍സ് അസേസിയേഷന്‍, പൊലീസ് എന്നിവരാണു മുന്‍കയ്യ് എടുക്കേണ്ടത്.
സംശയാസ്പദമായ എല്ലാ വിവരങ്ങളും പരിശോധിച്ച് വ്യക്തതവരുത്തുന്നതില്‍ വീഴ്ചയരുതെന്നും നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. കുട്ടികളുടെ പ്രശ്‌നത്തില്‍ സാഹചര്യമനുസരിച്ചുള്ള അറിവുകളും സന്ദേശങ്ങളും കുടുംബങ്ങളില്‍ എത്തിക്കാനും സംവിധാനം വേണം. നിരാശയും വിഷമവും അനുഭവിക്കുന്ന കുട്ടികള്‍ക്കു ഏത്രയും വേഗം സഹായം എത്തിക്കേണ്ടതുണ്ട്. അപരിചിതനായ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കണ്ടെത്തിയാല്‍ പരിശോധിക്കുന്നതില്‍ വീഴ്ചപാടില്ല.
ഔദ്യോഗിക സംവിധാനത്തെ സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധസംഘടനകളും പങ്കാളികളായ ഇന്റലിജന്‍സ് നെറ്റ് വര്‍ക്കിനു സാധിക്കും. നടപടികളില്‍ തൊഴില്‍വകുപ്പിന്റെ ഇടപെടലാണ് പ്രധാനം. വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപകമായ ഓണ്‍ലൈന്‍ പഠനം ചൂഷണം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചു അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. സൈബര്‍ സംവിധാനത്തിലൂടെ കുട്ടികളെ ലൈംഗികമായി(സൈബര്‍ ട്രാഫിക്കിങ്) ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ ചിലയിടങ്ങളില്‍ സജീവമാണ്.
 

Latest News