ബഗ്ദാദ്- മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തോടൊപ്പം തെറ്റായ വിവരങ്ങളും പരക്കുന്നു. കോവിഡ് ഒരു അമേരിക്കന്‍ തട്ടിപ്പാണെന്നും മാരകമല്ലെന്നും വെളുത്തുള്ളി കൊണ്ട് സുഖപ്പെടുത്താമെന്നുമുള്ള പോസ്റ്റുകളാണ് അറബി സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്.
ഫേസ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പേജുകളില്‍ കൊറോണ വൈറസ് സംബന്ധിച്ച് അറബിയില്‍ നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കോവിഡ് രോഗബാധ പോലെ തന്നെ ഇത് അപകടമാണെന്നും മിഡില്‍ ഈസ്റ്റില്‍ ഇന്‍ഫോഡെമിക്കിനെതിരായ പോരാട്ടവും ശക്തമാക്കണമെന്നും ആക്ടിവിസ്റ്റുകള്‍ ഉണര്‍ത്തുന്നു.
വൈറസ് ബാധിച്ച് സെലിബ്രിറ്റികളുടെ മരണം, പുതിയ മരുന്നുകളെ കുറിച്ചുള്ള അവകാശവാദം തുടങ്ങി ഓരോ മണിക്കൂറിലും നിരവധി വ്യാജ വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നതെന്ന് ടെക്4 പീസ് എന്ന സന്നദ്ധ സംഘത്തിലെ ഇറാഖുകാരനായ ബാഹര്‍ ജാസിം പറയുന്നു.
വ്യാജവര്‍ത്തകള്‍ തിരുത്തി ഞങ്ങള്‍ ജീവനുകള്‍ രക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാലു വര്‍ഷമായി വ്യാജ രാഷ്ട്രീയ, സാമ്പത്തിക വാര്‍ത്തകള്‍ക്കെതിരെ രംഗത്തുള്ള സംഘം ഇപ്പോള്‍ പ്രധാനമായും കോവിഡ്-19 സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ യഥാസമയം തിരുത്താനാണ് ശ്രമിക്കുന്നത്.
ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളില്‍ വരുന്ന വ്യാജവാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഫേക്ക് പോസ്റ്റ് എന്ന മുദ്ര നല്‍കിയാണ് മുന്നറിയിപ്പ് നല്‍കുന്നത്. യഥാര്‍ഥ വാര്‍ത്തകളിലേക്കുള്ള ലിങ്കുകള്‍ കൂടി നല്‍കുന്ന ടെക് 4 പീസിന്റെ അക്കൗണ്ടുകളില്‍ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്.