Sorry, you need to enable JavaScript to visit this website.

കർക്കിടകത്തിൽ പ്രതീക്ഷയർപ്പിച്ച് കാർഷിക മേഖല

ഇക്കുറി കള്ള കർക്കിടകം ഒപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാർഷിക മേഖല. ഇടവപ്പാതിയും മിഥുനവും ചതിച്ചെങ്കിലും മുന്നിലുള്ള മാസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ മഴ ലഭ്യമായില്ലെങ്കിൽ അടുത്ത സീസണിൽ കുരുമുളക് ഉൽപാദനം ഉയരില്ല. ഉത്സവകാല ഡിമാന്റിനായി സുഗന്ധവ്യഞ്ജന വിപണി ഉത്തരേന്ത്യയെ ഉറ്റുനോക്കുന്നു. രാജ്യാന്തര മാർക്കറ്റിനൊപ്പം കേരളത്തിലും റബർ വില ഉയർന്നു. സൗദി അറേബ്യയുടെ പിൻബലത്തിൽ ഏലക്ക നടപ്പ് സീസണിലെ എറ്റവും ഉയർന്ന റേഞ്ചിൽ. ലോക്ഡൗണിൽ തമിഴ്‌നാട്ടിലെ വെളിച്ചെണ്ണ മില്ലുകളുടെ പ്രവർത്തനം സ്തംഭിച്ചു.
ഓഗസ്റ്റ് മധ്യം വരെയുള്ള കാലാവസ്ഥ കാർഷിക കേരളത്തിന്റെ തലവര നിർണായിക്കും. 2021 ൽ എതെല്ലാം ഉൽപന്നങ്ങൾക്ക് ഇവിടെ ക്ഷാമം നേരിടുമെന്നതിനെ കുറിച്ചുള്ള സൂചനകൾ ചിങ്ങം ആദ്യ പകുതിയിൽ വ്യക്തമാവും. ജൂൺ ജൂലൈ 19 വരെയുള്ള കാലയളവിൽ ഏകദേശം 825 മില്ലീമിറ്റർ മഴയാണ് സംസ്ഥാനത്ത് ലഭ്യമായത്. മഴയുടെ അളവ് മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞതിനാൽ നമ്മുടെ കൃഷിയിടങ്ങളിൽ പല വിളകളുടെയും വിളർച്ചയിലാണ്. 


കർക്കിടകം ആദ്യപകുതിയിൽ മഴയുടെ കരുത്ത് എത്ര മാത്രമെന്ന കാര്യം ബക്രീദ് വേളയിൽ വിലയിരുത്താനാവും. സുഗന്ധവ്യഞ്‌നങ്ങളിൽ പ്രത്യേകിച്ച് കുരുമുളകിന്റെ അടുത്ത വർഷത്തെ വിളവിനെ കുറിച്ച് ഒരു കൃത്യമായ ധാരണയിൽ എത്താൻ കർഷകർക്കായാൽ ഒക്ടോബർ നവംബറിൽ സ്റ്റോക്ക് വിൽപനയ്ക്ക് പുതിയ തീരുമാനം കൈകൊള്ളാനാവും. 
ഇന്ത്യ ഉത്സവ സീസണിന് ഒരുങ്ങുകയാണ്. കോവിഡ് സൃഷ്ടിച്ച ആഘാതം വിപണിയെ സ്വാധീനിക്കുമെങ്കിലും പ്രതിസന്ധികൾ മറികടന്നാൽ ഉത്സവ ദിനങ്ങൾക്ക് നിറം നഷ്ടപ്പെടില്ല. മുന്നിൽ ഓണം മാത്രമല്ല, നവരാത്രി, ദീപാവലി അങ്ങനെ നീണ്ട നിര തന്നെയുള്ളത് കർശകർക്കും വ്യാപാരികൾക്കും പ്രതീക്ഷ പകരുന്നു. കുരുമുളക് ഇറക്കുമതി ഭീഷണിയിലാണെങ്കിലും ഓഫ് സീസെണായതിനാൽ നിരക്ക് ഉയരാം. അന്തർസംസ്ഥാന വ്യാപാരികൾ മുളക് ശേഖരിക്കുന്നുണ്ട്. ഏകദേശം 11,000 ടൺ കുരുമുളക് ജനുവരി ജൂണിൽ ഇറക്കുമതി നടത്തി. ഇതിൽ വലിയോരു പങ്ക് മൂല്യ വർധിത ഉൽപന്നമാക്കി തിരിച്ചു കയറ്റുമതി നടത്താനുള്ളതാണ്. കൊച്ചിയിൽ പോയവാരം അൺ ഗാർബിൾഡ് 30,000 ൽ നിന്ന് 30,400 ലേയ്ക്ക് ഉയർന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 4300 ഡോളർ.   


ഏലം വിളവെടുപ്പ് മുന്നേറവേ നടപ്പ് സീസണിലെ ഏറ്റവും ഉയർന്ന റേഞ്ചിലേയ്ക്ക് ഉൽപന്ന വില കയറി. ഈ മാസം നടന്ന എല്ലാ ലേലങ്ങളിലും 2000 രൂപയ്ക്ക് മുകളിൽ നീങ്ങിയ ഏലക്ക വാരാന്ത്യം 2436 രൂപയിലെത്തി. പല അവസരത്തിലും ലേലത്തിന് അര ലക്ഷം കിലോയ്ക്ക് മുകളിൽ ചരക്ക് എത്തി. ആഭ്യന്തര വ്യാപാരികൾ ഒപ്പം കയറ്റുമതിക്കാരും ഏലക്ക ശേഖരിച്ചു.  
ആഗോള റബർ മാർക്കറ്റിലെ ചലനങ്ങൾ ഒപ്പം പിന്നിട്ടവാരം ഇന്ത്യൻ വിപണി നീങ്ങി. ടോക്കോമിൽ റബർ കിലോ 150 യെന്നിനെ ചുറ്റിപറ്റിയാണ് നിലകൊള്ളുന്നത്. സെപ്റ്റംബർ അവധി 147 യെന്നിൽ നിന്ന് 151 യെന്നിലേയ്ക്ക് ഉയർന്നു. ഡിസംബർ അവധി കിലോ 156 യെന്നിലാണ്. ജാപനീസ് മാർക്കറ്റിലെ ചലനങ്ങൾ കണ്ട് ഇന്ത്യൻ വ്യവസായികൾ കൊച്ചി, കോട്ടയം വിപണികളിൽ താൽപര്യം കാണിച്ചു. നാലാം ഗ്രേഡ് റബർ 12,500 ൽ നിന്ന് 13,000 രൂപയായി. അഞ്ചാം ഗ്രേഡ് 12,200 രൂപയിൽ നിന്ന് 12,700 രൂപയായി. ഉത്തരേന്ത്യക്കാർ 8200 രൂപയ്ക്ക് ലാറ്റക്‌സ് ശേഖരിച്ചു. പുലർച്ചെ അനുഭവപ്പെട്ട മഴമൂലം പല ഭാഗങ്ങളിലും ടാപ്പിംഗിന് തടസ്സം നേരിട്ടു. 


നാളികേരോൽപന്ന വിപണി ചലനരഹിതം. തമിഴ്‌നാട് കോവിഡ് സൃഷ്ടിച്ച ആഘാതംമൂലം കൊപ്രയാട്ട് മില്ലുകളുടെയും പ്രവർത്തനം നിലച്ചു. മില്ലുകാർ കൊപ്ര സംഭരണം കുറച്ചതിനാൽ വിലയിൽ മാറ്റമില്ല. കാങ്കയത്ത് കൊപ്ര 9600 രൂപയിലും കൊച്ചിയിൽ 9825 രൂപയിലുമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ വില തുടർച്ചയായ രണ്ടാം വാരവും 14,600 രൂപയിലാണ്. 
സ്വർണം മുന്നേറ്റം ആവർത്തിച്ചു. ആഭരണ വിപണികളിൽ പവൻ 36,520 ൽ നിന്ന് 36,680 ലേയ്ക്ക് ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ച ശേഷം ശനിയാഴ്ച്ച 36,600 രൂപയിലാണ്. ഒരു ഗ്രാമിന് വില 4575 രൂപ. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1798 ഡോളറിൽ നിന്ന് 1811 ഡോളറായി. ഡെയ്‌ലി, വീക്കിലി ചാർട്ടുകളിൽ ബുള്ളിഷ് ട്രൻറ്റ് നിലനിർത്തുന്ന സ്വർണം 1827 ഡോളറിലെ പ്രതിരോധം തകർക്കാനുള്ള ശ്രമത്തിലാണ്. 

 

Latest News