കാർഷിക-അനുബന്ധ മേഖലകളിലെ രാജ്യത്തെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള സർദാർ പട്ടേൽ പുരസ്‌കാരമാണ് സി.എം.എഫ്.ആർ.ഐക്ക് ലഭിച്ചത്. ഐ.സി.എ.ആറിന്റെ ഏറ്റവും ഉന്നതമായ ഈ പുരസ്‌കാരം 10 ലക്ഷം രൂപയും പ്രശസ്തപത്രവും അടങ്ങുന്നതാണ്. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ സമുദ്ര മത്സ്യ ഗവേഷണ രംഗത്ത് നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. രാജ്യത്തെ 110 ലധികമുള്ള ഐ.സി.എ.ആറിന് കീഴിലെ കാർഷിക-അനുബന്ധ ഗവേഷണ സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് സി.എം.എഫ്.ആർ.ഐ പട്ടികയിൽ ഒന്നാമതെത്തിയത്. ഇത് രണ്ടാം തവണയാണ് ഈ സുവർണ നേട്ടം സി.എം.എഫ്.ആർ.ഐയെ തേടിയെത്തുന്നത്. നേരത്തെ ലഭിച്ചത് 2007 ലായിരുന്നു.
കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി, വിത്തുൽപാദനം തുടങ്ങി സമുദ്രകൃഷി രീതികളുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളാണ് ഇത്തവണ സി.എം.എഫ്.ആർ.ഐക്ക് ഈ നേട്ടം കരസ്ഥമാക്കാൻ വഴിയൊരുക്കിയത്. മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ ഇത് വഴിയൊരുക്കി. കൂടാതെ, കടൽ ജൈവ വൈവിധ്യത്തിൽ നിന്നുമുള്ള ഔഷധ നിർമാണവുമായി (ന്യൂട്രാസ്യൂട്ടിക്കൽ) ബന്ധപ്പെട്ട ഗവേഷണങ്ങളിലൂടെയും ഇക്കാലയളവിൽ സി.എം.എഫ്.ആർ.ഐ ശ്രദ്ധേയമായി. പ്രമേഹം, സന്ധിവേദന, അമിതവണ്ണം, തൈറോയിഡ്, അമിതരക്തസമർദം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഉൽപന്നങ്ങളാണ് സിഎംഎഫ്ആർഐ പുറത്തിറക്കിയത്.