റാഞ്ചി- കോവിഡ് രോഗിയുടെ വീട്ടില്‍ നിന്ന് അരലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ജംഷഡ്പൂരിലെ പാര്‍സുദി പോലിസ് സ്‌റ്റേഷന് കീഴിലുള്ള ഹാലുഡ്‌ബോണിയിലുള്ള കോവിഡ് രോഗിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇയാള്‍ ടാറ്റ മെയിന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കണ്ടെയ്‌നര്‍ സോണായ ഇവിടെ പോലിസുകാര്‍ ഡ്യൂട്ടിയിലിരിക്കെയാണ് മോഷണം നടന്നത്.
വീടിന്റെ പിന്നാമ്പുറത്തെ വാതില്‍ പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ മോഷണത്തിന് ശേഷം മട്ടണ്‍ കറിയും ചോറും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കി കഴിച്ച് വളരെ സാവധാനമാണ് വീട്ടില്‍ നിന്ന് പോയതെന്ന് വീട്ടുടമയുടെ സഹോദരന്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ജൂലൈ എട്ടിന് തന്റെ സഹോദരന് കോവിഡ് പരിശോധന ഫലം പോസിറ്റിവായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ പ്രദേശം മുഴുവന്‍ അധികൃതര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ സഹോദരന്റെ ഭാര്യയും മക്കളും അവരുടെ ഗ്രാമത്തിലാണ് കഴിഞ്ഞ ഒരു മാസമായി കഴിയുന്നത്. വെള്ളിയാഴ്ച ആശുപത്രിയിലുള്ള സഹോദരന്‍ തന്നെ വിളിച്ച് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ പോയി നോക്കാന്‍ പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയപ്പോഴാണ് പണവും ആഭരണങ്ങളും നഷ്ടമായത് മനസിലായതെന്നും അദ്ദേഹം പോലിസിനോട് പറഞ്ഞു. ഇതേ പ്രദേശത്ത് മറ്റൊരു വീട്ടിലും മോഷണം നടന്നിട്ടുണ്ട്. പണവും മൊബൈല്‍ഫോണും സാനിറ്റൈസറുമാണ് മോഷണം പോയതെന്ന് പോലിസ് അറിയിച്ചു.