ഹൈദരാബാദ്- മൂന്ന് മാസം വീട്ടിലടച്ചിട്ട ശേഷം മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്ന്
ആരോപിച്ച് യുവതി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്കി. 2017 സെപ്റ്റംബറില്‍ ലാബ് ടെക്നീഷ്യനായ അബ്ദുല്‍ സമീയെ വിവാഹം ചെയ്ത ശേഷം മല്ലേപ്പള്ളിയില്നിന്ന് ഹൈദരബാദിലെ ഭര്‍തൃവീട്ടിലെത്തിയ യുവതിയാണ് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും പീഡിപ്പിച്ചുവെന്നും ഒടുവില്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയെന്നുമുള്ള പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ പോലീസ് എഫ്.ഐ.ആര് ഫയല്‍ ചെയ്തു.
വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭര്‍ത്താവും കുടുംബവും മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങി. അധിക സ്ത്രീധനത്തിനായി ഭര്‍ത്താവിന്റെ മാതാപിതാക്കളാണ് പീഡിപ്പിച്ചത്. 2018 ജൂണില്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്കി. രണ്ട് മാസത്തിന് ശേഷം ഭര്‍ത്താവും ബന്ധുക്കളും തന്റെ സ്വര്‍ണം മോഷ്ടിച്ചു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ച് പരിക്കേല്പിച്ചു. ആരുമായും ബന്ധപ്പെടാതിരിക്കാന്‍ മൂന്ന് മാസത്തോളം വീട്ടിലടച്ചിട്ടു. മൊബൈല്‍ ഫോണ്‍ പോലും നല്‍കിയില്ല. കുഞ്ഞിനുവേണ്ടിയാണ് എല്ലാം സഹിച്ചതെന്നും പരാതിയില്‍ പറഞ്ഞു.
മാര്‍ച്ച് 25 ന് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് സമീ മൂന്നുതവണ തലാഖ് ചൊല്ലകയും സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.