കണ്ണൂര്‍-നിറത്തിന്റെ പേരില്‍ തനിക്കു വിവേചനം നേരിടേണ്ടി വന്നുട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി മലയാളത്തിലെ പ്രശസ്ത ഗായികമാരില്‍ ഒരാളായ സയനോര ഫിലിപ്പ്. ഒരഭിമുഖത്തിലായിരുന്നു സയനോരയുടെ തുറന്നു പറച്ചില്. നിറത്തിന്റെ പേരിലുള്ള മാറ്റി നിര്‍ത്തല്‍ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുണ്ട് എന്നും സയനോര പറയുന്നു.സിനിമയില്‍ വന്നതിനു ശേഷം, പ്രശസ്തയായതിനു ശേഷവും അത് നേരിട്ടിട്ടുണ്ട് വലിയ വലിയ സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അതിലൊന്നും തന്നെയും രശ്മി സതീഷിനെയും പുഷ്പവതിയേയും കാണാറില്ല. രശ്മിയും പുഷ്പവതിയുമൊക്കെ അത്രയും മികച്ച ഗായകര്‍ ആയിട്ട് പോലും അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു- സയനോര വ്യക്തമാക്കി.
നിറത്തിന്റെ പേരില്‍ ഒരിക്കലും ആരെയും വിലയിരുത്തരുത് എന്നും ഈ ഗായിക പറയുന്നു. ആ മനോഭാവം നമ്മള് മാറ്റേണ്ട സമയമായെന്നും അവര്‍ പറഞ്ഞു. കലാരംഗത്തു മാത്രമല്ല എല്ലാ മേഖലയിലും ഈ വിവേചനം നിലനില്‍ക്കുന്നുണ്ട് എന്നും സയനോര വെളിപ്പെടുത്തി.
മലയാളത്തിലും തമിഴിലും പാടിയിട്ടുള്ള സയനോര കുട്ടന് പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
പതിനാറു വര്‍ഷം മുന്‍പ് വെട്ടം എന്ന പ്രിയദര്ശന് ചിത്രത്തിലെ ഒരു ഗാനമാലപിച്ചാണ് സയനോര മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.