ന്യൂദൽഹി- രാജസ്ഥാനിൽ പ്രതിസന്ധിയിലായ കോൺഗ്രസിനും സർക്കാറിനും വിമത നേതാവ് സചിൻ പൈലറ്റിനും മുന്നിൽ ഇനിയുള്ളത് ചൊവ്വാഴ്ച വരെ സമയം. ഈ മാസം 21 വരെ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എം.എൽ.എമാർക്കെതിരെ നടപടി എടുക്കരുതെന്ന് രാജസ്ഥാൻ ഹൈക്കോടതി നിർദ്ദേശിച്ചത് കോൺഗ്രസിന്റെയും സർക്കാരിന്റെയും കൂടി ഭാവിയിലേക്കുള്ള സമയം കൂടിയാണ്. രാജേഷ് പൈലറ്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പൈലറ്റിനെതിരെ പ്രസ്താവന ഇറക്കരുതെന്നും രാഹുൽ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ കോൺഗ്രസിലെ നിരവധി നേതാക്കളുമായും സചിൻ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. തനിക്കെതിരായ നിയമനടപടികളെ എങ്ങിനെ നേരിടും എന്നതടക്കമുള്ള കാര്യങ്ങളിൽ ഉപദേശം കൂടി ചോദിച്ചാണ് സചിൻ കോൺഗ്രസ് നേതാക്കളെ തന്നെ ബന്ധപ്പെട്ടത്. ഒരു നിലക്കും ബി.ജെ.പിക്കൊപ്പം ചേരില്ലെന്ന് സചിൻ പൈലറ്റ് ആവർത്തിക്കുന്നുണ്ട്. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. നിയമപരമായി എങ്ങിനെ മുന്നോട്ടുപോകുമെന്ന് അന്വേഷിച്ച് സചിൻ തന്നോട് ബന്ധപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായി മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. മറുഭാഗത്തുള്ള കക്ഷികളുമായി ചേർന്ന് നിയമപോരാട്ടം നടത്തുന്നതിനാൽ ഇക്കാര്യത്തിൽ സഹായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് താൻ പൈലറ്റിനോട് പറഞ്ഞതായും സിംഗ്്‌വി വെളിപ്പെടുത്തി.
അതനിടെ, പൈലറ്റ് രാഷ്ട്രീയ ഉപദേശം തേടാൻ മുതിർന്ന നേതാവ് പി ചിദംബരത്തെ വിളിച്ചതായി റിപ്പോർട്ട്. വിമത നീക്കത്തെ തുടർന്ന് തന്നെയും എം.എൽ.എമാരെയും പാർട്ടി നിയമസഭയിൽ അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് സചിൻ പൈലറ്റ് പി ചിദംബരവുമായി സംസാരിച്ചത്. അശോക് ഗെലോട്ടുമായി ഉടലെടുത്ത പ്രശ്‌നങ്ങൾക്ക് ശേഷം നിരവധി നേതാക്കളാണ് പ്രശ്‌ന പരിഹാരത്തിനായി പൈലറ്റുമായി ചർച്ചയ്ക്ക് എത്തിയത്.
താനുമായി പൈലറ്റ് സംസാരിച്ചതായും എല്ലാ വിഷയങ്ങളും വീണ്ടും ചർച്ച ചെയ്യാമെന്നും അവസരം പ്രയോജനപ്പെടുത്തണമെന്ന് ഉപദേശിച്ചതായും പി ചിദംബരം അറിയിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ പലരും സച്ചിനുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ആദ്യമായാണ് പൈലറ്റ് സ്വമേധയാ ഒരു മുതിർന്ന നേതാവുമായി ഇക്കാര്യങ്ങളിൽ ചർച്ച നടത്തുന്നത്.
സചിനും എം.എൽ.എമാരും നടത്തിയ വിമത നീക്കങ്ങൾ മറക്കാവുന്നതേയുള്ളൂവെന്ന നിലപാടാണ് പി. ചിദംബരത്തിനുള്ളത്. അദ്ദേഹത്തിനെതിരായ കേസ് വെറും സാങ്കേതികത മാത്രമാണെന്ന് ചിദംബരം സചിനെ അറിയിച്ചു.അതേസമയം സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാമെന്ന വാഗ്ദാനം ചിദംബരം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
അതിനിടെ, സചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസിന് അകത്തുതന്നെ ഒരു കൂട്ടം നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തതിന് തൊട്ടുപിറകെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് സചിനെ മാറ്റിയത് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ ആരോപിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച അശോക് ഗെലോട്ടിനെതിരെ കലാപം ഉയർത്തിയ ശേഷം ചൊവ്വാഴ്ചയാണ് പ്രിയങ്കയും സചിനും തമ്മിൽ സംസാരിച്ചത്. ചർച്ച ഫലപ്രദമായി പുരോഗമിക്കുന്നതിനിടെ സചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് നീക്കുകയും ചെയ്തു. സചിന്റെ പ്രശ്‌നം രാഹുലുമായും സോണിയ ഗാന്ധിയുമായും സംസാരിക്കാമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പു നൽകിയിരുന്നു. ഒരു ഭാഗത്ത് വാതിൽ തുറന്നിടാമെന്ന് സമ്മതിക്കുന്ന കോൺഗ്രസ് അതിനൊപ്പം തന്നെ നടപടിയും സ്വീകരിക്കുന്നു. അശോക് ഗെഹ്്‌ലോട്ടിനാൽ താൻ അക്രമിക്കപ്പെടുകയാണെന്നും പൈലറ്റ് ആരോപിക്കുന്നു.
കോൺഗ്രസ് ദേശീയ നേതൃത്വത്തെ കുറ്റപ്പെടുത്തി സചിൻ പൈലറ്റ് ഇതേവരെ രംഗത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം തന്നെ രാഹുൽ ഗാന്ധിയും സചിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പത്രസമ്മേളനങ്ങളിൽ സചിനെതിരെ കടുത്ത വാക്കുകൾ പ്രയോഗിക്കരുതെന്ന് രാഹുൽ കോൺഗ്രസ് വക്താക്കൾക്ക്് മുന്നറിയിപ്പ് നൽകിയിരുന്നു.