ന്യൂദല്‍ഹി- ബി.ജെ.പിയില്‍ ചേരില്ലെന്നും കാവി പാര്‍ട്ടിയെ പരാജയപ്പെടുത്താനും രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനും കഠിനാധ്വാനം ചെയ്തയാളാണ് താനെന്നും സച്ചിന് പൈലറ്റ്.
ബി.ജെ.പിയില്‍ ചേരുമെന്ന് രാജസ്ഥാനിലെ ചില നേതാക്കള്‍ അഭ്യൂഹം പരത്താന്‍ ശ്രമിക്കുകയാണെന്നും താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് പുറത്താക്കിയ സച്ചിന് പൈലറ്റ് ഇനിയും ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചിട്ടില്ല.
ബി.ജെ.പിയുമായി ചേര്‍ത്തു പറയുന്നത് എന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ്. രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാനാണ് ആഗ്രഹം- സച്ചിന് പറഞ്ഞു.
സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരും മറ്റു മുതിര്‍ന്ന നേതാക്കളും സച്ചിന് പൈലറ്റിനെ പലതവണ വിളിച്ചിട്ടും അദ്ദേഹം വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. സോണിയയും രാഹുലും ആറു തവണ സച്ചിനെ വിളിച്ചുവെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സത്യത്തെ അലോസരപ്പെടുത്താം; പക്ഷേ, പരാജയപ്പെടുത്താനാകില്ല. എനിക്കു പിന്തുണ നല്കിയ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. റാം റാം' എന്നായിരുന്നു സംഭവ വികാസങ്ങളോടു സച്ചിന് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രതികരിച്ചത്.