ജയ്പുര്‍- രാജസ്ഥാനിലെ കോണ്‍ഗ്രസ് രാഷ്ട്രീയം പുതിയ ദിശയിലേക്ക്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കി. സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളില്‍നിന്ന് നീക്കി
മന്ത്രിമാരായ വിശ്വേന്ദ്രസിംഗ്, രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. സച്ചിനെ മാറ്റി ഗോവിന്ദ് സിംഗ് ഡോട്‌സാരയെ പി.സി.സി അധ്യക്ഷനായി നിയമിച്ചു.
തുടര്‍ച്ചയായ രണ്ടാം തവണയും സച്ചിന്‍ പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം നിയമസഭാ കക്ഷി യോഗം പാസാക്കിയതിന് പിന്നാലെയാണ് നടപടി. ജയ്പുരില്‍ ഇന്ന് നടന്ന കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി യോഗത്തില്‍ 102 എം.എല്‍.എമാര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.