അലിഗഡ്- ആക്രമികള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പരാതിപ്പെട്ടിട്ടും പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പ്രതിയുടെ ചെവി അരിഞ്ഞെടുത്ത് യുവതി പോലീസിനു നല്‍കി. ഉത്തര്‍പ്രദേശിലെ അലിഗഡ് സീനിയര്‍ പൊലീസ് സുപ്രണ്ടിന്റെ ഓഫീസിലാണ് അരിഞ്ഞെടുത്ത ചെവിയുമായി യുവതി എത്തിയത്. തന്നെ ബലാല്‍സംഗം ചെയ്തവര്‍ക്കെതിരെ ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് ആരോപണവുമായി യുവതി എത്തിയത്. ഇതോടെ ഉടന്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ബലാല്‍സംഗത്തിനിരയാക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും പരാതിയില്‍ കേസെടുക്കാത്ത പോലീസ് നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുവതിയുടെ അസാധാരണ പ്രതിഷേധം. അരിഞ്ഞെടുത്ത ചെവിയുമായി റൂറല്‍ എസ്പി യശ്വീര്‍ സിങിനെ കാണാന്‍ യുവതി നേരിട്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കേസെടുക്കാന്‍ എസ് പി ഉത്തരവിട്ടു..
മക്കളോടൊപ്പം ഉറങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് സമീപ പ്രദേശത്തുള്ള നാലു പേര്‍ ചേര്‍ത്ത് വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ ബലാല്‍സംഗം ചെയ്തതെന്ന് യുവതി പറഞ്ഞു. തന്റെ നിലവിളി കേട്ട് രക്ഷിക്കാന്‍ ഓടിയെത്തിയ ഭര്‍ത്താവിനെയും സംഘം ആക്രമിച്ചെന്നും അവര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വീടിനു പുറത്തുള്ള താല്‍ക്കാലിക ഷെഡില്‍ ഉറങ്ങുകയായിരുന്നു ഭര്‍ത്താവ്. തുടര്‍ന്നുണ്ടായ അടിപിടിക്കിടെയാണ് പ്രതികളിലൊരാളുടെ ചെവി യുവതി കടിച്ചു മുറിച്ചത്.
സംഭവം പുറത്തു പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന ഭീഷണിയുമായി സംഘം പോകുകയായിരുന്നു. സംഭവം ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചെങ്കിലും അവര്‍ വന്ന് ചിലവിവരങ്ങള്‍ മാത്രം ചോദിച്ചറിഞ്ഞ് പോകുകയായിരുന്നു. തൊട്ടടുത്ത ദിവസം യുവതിയും ഭര്‍ത്താവും നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും വൈദ്യ പരിശോധന അടക്കമുള്ള ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും കേസ് രജിസറ്റര്‍ ചെയ്തില്ലെന്ന് യുവതി പറഞ്ഞു.
പോലീസിന്റെ ഭാഗത്തു നിന്ന് അനുകൂലമായ സമീപനം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികളിലൊരാളുടെ ചെവിയുമായി യുവതി നേരിട്ട് എസ് പി ഓഫീസിലെത്തിയത്. തുടര്‍ന്ന് ബലാല്‍സംഗംത്തിനും ഇരയാക്കപ്പെട്ട യുവതിയെ ആക്രമിച്ചതിനും പ്രതികള്‍ക്കെതിരെ രണ്ട് കേസുകളെടുത്തു.