ചണ്ഡിഗഡ്- ബിരുദപഠനം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി ഹരിയാന സര്‍ക്കാര്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് പെണ്‍കുട്ടികള്‍ക്ക് ഈ വാഗ്ദാനം നല്‍കിയിരിയ്ക്കുന്നത്. ഹരിയാനയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്നും, അതിനായുള്ള നടപടികള്‍ കോളജില്‍ വച്ച് തന്നെ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പാസ്‌പോര്‍ട്ട് വിതരണം ബിരുദം പൂര്‍ത്തീകരിക്കുന്നതിനൊപ്പം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍, കോളജ്, ഐഐടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18നും 25നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലേണിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും ഹെല്‍മറ്റുകള്‍ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച 'ഹര്‍ സിര്‍ ഹെല്‍മറ്റ്' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുടെ ഭാഗമായി അഞ്ച് പേര്‍ക്ക് ഹെല്‍മറ്റ് വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് തന്നെ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം നല്‍കണം. ഇതിനു പുറമേ, ലൈസന്‍സ് അവിടെ നിന്ന് മാത്രം ലഭ്യമാക്കണമെന്നും ഖട്ടര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ദിനംപ്രതി 1300 ഓളം അപകടങ്ങളാണ് നടക്കുന്നത്. അതേസമയം, ഹെല്‍മെറ്റ് വിതരണം രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ടുകൊണ്ടല്ലെന്നും മന്ത്രി വ്യക്തമാക്കി.