ന്യൂദൽഹി- ലോകത്ത് ക്യാമറ ട്രാപ് ഉപയോഗിച്ചുള്ള വന്യജീവി സർവേകളിൽ ഏറ്റവും വലുതെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഇന്ത്യയുടെ ടൈഗർ സെൻസസിന്റെ നാലാം പതിപ്പിന്. ഇന്ത്യക്ക് ലഭിച്ച മനോഹര മുഹൂർത്തമാണിതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു. ആത്മനിർഭർ ഭാരതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഇതെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടി ആക്കുക എന്ന ലക്ഷ്യം ഇന്ത്യയ്ക്ക് കൈവരിക്കാനായി. നേരത്തെ കണക്കാക്കിയതിൽ നിന്നും നാലു വർഷം മുൻപ് തന്നെ ഈ നേട്ടം സ്വന്തമാക്കാനായി.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 2967 കടുവകൾ ആണ് ഉള്ളത്. ഇത് ആഗോള തലത്തിലെ കടുവകളുടെ എണ്ണത്തിന്റെ 75 ശതമാനത്തോളം വരും. 2010 ൽ റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സ് ബർഗിൽ നടന്ന സമ്മേളനത്തിലാണ് 2022 ഓടെ ഇന്ത്യയിലെ കടുവകളുടെ എണ്ണം വർദ്ധിപ്പിക്കും എന്ന് പ്രതിജ്ഞ സ്വീകരിച്ചത് എന്നാൽ ആ കാലാവധിക്ക് മുൻപ് തന്നെ ഇന്ത്യ രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടി ആക്കുക എന്ന നിശ്ചയദാർഢ്യം പൂർത്തീകരിച്ചതായും ശ്രീ ജാവദേക്കർ പറഞ്ഞു.