മുംബൈ- മുതിര്‍ന്ന ബോളിവുഡ് താരം ജഗ്ദീപ് അന്തരിച്ചു. 81 വയസായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
ഷോലെ, അന്ദാസ് അപ്ന അപ്ന, ഖുർബാനി, ഷഹൻഷ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ഇദ്ദേഹം വാർധക്യ സഹചമായ അസുഖങ്ങളാല്‍ അവശനായിരുന്നു.
അബ് ദില്ലി ദൂര്‍ നഹി, കെ എ അബ്ബാസിന്‍റെ മുന്ന, ഗുരു ദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയ്‍യുടെ ദൊ ബീഗ സമീന്‍ തുടങ്ങി നാനൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സിനിമകളില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്.
ഷോലെയിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സയ്യിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്‍ദീപിന്‍റെ യഥാര്‍ഥ പേര്. 1939ല്‍ അമൃത്സറിലായിരുന്നു ജനനം. ഒന്‍പതാം വയസ്സില്‍ ബാലനടനായാണ് തുടക്കം. ബി ആര്‍ ചോപ്രയുടെ അഫ്‍സാനയിലാണ് ആദ്യം അഭിനയിച്ചത്. റൂമി ജഫ്രിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ഗലി ഗലി ചോര്‍ ഹൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.