Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണിന് ശേഷം വ്യവസായ ശാലകളില്‍ 30 അപകടങ്ങള്‍ 75 മരണങ്ങള്‍; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് വന്‍ വെല്ലുവിളി

ന്യൂദല്‍ഹി- മാസങ്ങളോളം നീണ്ടുനിന്ന ലോക്ക്ഡൗണില്‍ രാജ്യത്തെ വ്യവസായ ശാലകളും നിര്‍മാണ യൂനിറ്റുകളുമൊക്കെ നിശ്ചലാവസ്ഥയിലായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് അധികൃതര്‍ തീരുമാനിച്ചതോടെ ഈ മേഖലകളെല്ലാം കര്‍മപഥത്തിലേക്ക് തിരിച്ചെത്തുകയാണ്. എന്നാല്‍ മാസങ്ങളോളം പൂട്ടിയിട്ട വ്യവസായ മേഖലകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആളുകളുടെ ജീവനെടുക്കുന്ന അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സമീപകാല വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നു. ഇന്ത്യയില്‍ ഇക്കാലയളവില്‍ മാത്രം മുപ്പതോളം വ്യവസായിക അപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളില്‍ 75 ഓളം തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

മെയ് മുതല്‍ ഇത്തരം അപകടങ്ങളില്‍ നൂറില്‍പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്റസ്ട്രി ഓള്‍ ഗ്ലോബല്‍ യൂനിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. മെയ് ഏഴിന് എല്‍ജി പോളിമേഴ്‌സ് പ്ലാന്റിലെ വിഷവാതക ചോര്‍ച്ച ഭോപ്പാല്‍ ദുരന്തത്തെ ഓര്‍മിപ്പിക്കും വിധമായിരുന്നു. ഗുജറാത്തിലെ യശഷവി രാസായന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നടന്ന ബോയിലര്‍ പൊട്ടിത്തെറിയില്‍ എട്ട് പേരാണ് മരിച്ചത്. നാല്‍പത് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ മെയ് ഏഴിനും ജൂലൈ ഒന്നിനും ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായി.ഇരുപത് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.  

സാങ്കേതിക സംവിധാനങ്ങളുടെ കേടുപാടുകളോ പ്രവര്‍ത്തനരഹിതമാകുന്നതൊക്കെയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ലോക്ക്ഡൗണില്‍ ഫാക്ടറികള്‍ അടച്ചിടുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതും അറ്റകുറ്റപ്പണികള്‍ നടത്താത്തതും കൃത്യായ പരിശോധനകളില്ലാത്തതുമൊക്കെയാണ് ഈ അപകടങ്ങള്‍ക്കൊക്കെ കാരണമായത്. ദീര്‍ഘകാലം ഫാക്ടറികളോ ഉല്‍പ്പാദന യൂനിറ്റുകളോ അടച്ചിടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് വ്യക്തം.ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ യൂനിയന്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വിദഗ്ധരുടെ പാനല്‍ രൂപീകരിക്കണമെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ഡോ. ജി സഞ്ജീവ് റെഡ്ഡി പറഞ്ഞു
  ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് സംഘടന കത്ത് നല്‍കിയിട്ടുണ്ട്.
 

Latest News