Sorry, you need to enable JavaScript to visit this website.

നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുടെ 'ഭാവി' തീരുമാനിക്കാന്‍ ബുധനാഴ്ച വീണ്ടും യോഗം

കാഠ്മണ്ഡു-  ഇന്ത്യയ്‌ക്കെതിരായി നടത്തിയ നീക്കങ്ങള്‍ക്കും  വിവാദ  പരാമര്‍ശങ്ങള്‍ക്കും  കനത്ത  വില നല്‍കേണ്ടി  വരികയാണ് ഇപ്പോള്‍  നേപ്പാള്‍  പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്ക്ക്.  ഇന്ത്യക്ക് എതിരായി  കെ.പി. ശര്‍മ ഒലി നടത്തിയ നീക്കങ്ങള്‍ക്ക്  സ്വന്ത0 പാര്‍ട്ടിയില്‍ നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പിടിച്ചു നില്ക്കാന്‍ പാടുപെടുകയാണ്  പ്രധാനമന്ത്രി ഒലി...  ഒലിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.  രാജ്യത്ത്  ഭരണ, രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍  ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ഇന്ന് ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ദഹലും ചേര്‍ന്ന് നടത്തിയ സംയുക്ത യോഗമായിരുന്നു ഇന്ന് നടന്നത്.  
രണ്ട്  മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞതായാണ്  സൂചന. സംയുക്ത യോഗം സമവായമാകാതെ പിരിഞ്ഞ സ്ഥിതിയ്ക്ക്  ബുധനാഴ്ച വീണ്ടും  യോഗം നടക്കുമെന്നാണ്  പുറത്തു വരുന്ന റിപ്പോര്‍ട്ട്. 
രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ 'ഇന്ത്യ' തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ  പ്രധാനമന്ത്രി പദത്തിന് തന്നെ  ഭീഷണിയായി മാറിയിരിയ്ക്കുന്നത്. ഒലി തന്റെ  ആരോപണം തെളിയിക്കുകയോ രാജിവയ്ക്കുകയോ വേണമെന്ന് മൂന്ന്  മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.  ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ  തുടക്കത്തില്‍ തന്നെ പ്രചണ്ഡ പറഞ്ഞു. 'ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം' പ്രചണ്ഡ ഒലിയോട് പറഞ്ഞിരുന്നു.  നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തുല്യ ശക്തരാണ് ശര്‍മ്മ ഒലിയും  പ്രചണ്ഡ എന്ന പുഷ്പ കമല്‍ ദഹലും. ഒലി തികഞ്ഞ പരാജയമായതിനാല്‍ രാജിവയ്ക്കണമെന്ന് മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ തുടങ്ങിയ നേതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദഹലും ഒലിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒലി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്നായിരുന്നു ദഹലിന്റെ  ആവശ്യം. സ്ഥാനമൊഴിയണമെന്ന നിലപാട് ഒഴികെ മറ്റെന്ത് വിഷയത്തെക്കുറിച്ചും സംസാരിക്കാന്‍ തയ്യാറാണെന്ന് ഒലിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒലിയുടെ രാജി മാത്രമായിരുന്നു നേതാക്കളുടെ ആവശ്യം. തര്‍ക്ക മേഖലയായ ലിപുലേക്, കാലാപാനി,ലിംപിയാധുര എന്നിവ ഭൂപടത്തില്‍ ചേര്‍ത്ത ഒലിയുടെ നടപടിയോടെ ഇന്ത്യയുമായുളള നേപ്പാളിന്റെ   ബന്ധം വഷളായത്. 
 

Latest News