കാൺപുർ- യു.പിയിലെ കാൺപുരിൽ എട്ടു പോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വികാസ് ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. യു.പി ഡി.ജി.പി എച്ച്.സി അശ്വതിയാണ് ഇക്കാര്യം അറിയിച്ചത്. ഡി.എസ്.പി അടക്കം എട്ടു പോലീസുകാരെയാണ് വെള്ളിയാഴ്ച രാവിലെ വെടിവെച്ചു കൊന്നത്. യു.പിയിലെ കുപ്രസിദ്ധ ക്രിമിനലാണ് വികാസ് ദുബെ. കൊലപാതകം അടക്കം അറുപതോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തെ നിരവധി തവണ ഇയാളെ പിടികൂടിയിരുന്നെങ്കിലും ഇയാൾ രക്ഷപ്പെടുകയാണ് പതിവ്. ഇയാൾ മധ്യപ്രദേശിലേക്കോ രാജസ്ഥാനിലേക്കോ കടന്നിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.