ന്യൂദല്‍ഹി- ഗാല്‍വാനില്‍ നിന്നും ചൈന സൈനികരെ പിന്‍വലിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഗാല്‍വന്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു കി.മീ ദൂരത്തേക്ക് സൈന്യം പിന്‍മാറി തുടങ്ങിയെന്നാണ് വിവരം. ഈ പിന്മാറ്റം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ സൈനിക വക്താക്കള്‍ അറിയിച്ചു. ഗാല്‍വന്‍ നദീതീരത്ത് അനധികൃതമായി കൈവശം വെച്ച സ്ഥലത്ത് ചൈനീസ് സൈനികര്‍ നിര്‍മിച്ച താത്കാലിക സ്ട്രക്ച്ചറുകള്‍ നീക്കം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ഇന്ത്യന്‍ ചൈനീസ് സൈനിക കമാന്റര്‍മാര്‍ തമ്മില്‍ മൂന്നാംഘട്ട ചര്‍ച്ച നടത്തിയിരുന്നു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകളാണ് നടത്തിയിരുന്നത്. ഈ ചര്‍ച്ചകളുടെ തീരുമാനം അനുസരിച്ചാണ് സൈനിക പിന്മാറ്റമെന്നാണ് വിവരം. ജൂണ്‍ 15ന് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.
യഥാര്‍ത്ഥ നിയന്ത്രണരേഖയിലുടനീളം ഒന്നിലധികം ചൈനീസ് നുഴഞ്ഞുകയറ്റത്തിനും കനത്ത ആയുധങ്ങളും ചൈനീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിന്യസിക്കുന്നതിന്റെ തെളിവാണ് സമീപകാല ഉപഗ്രഹ ചിത്രങ്ങള്‍. ഗാല്‍വാന്‍ താഴ്വരയില്‍ 423 മീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈനക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയതായി ചിത്രങ്ങള്‍ സൂചിപ്പിച്ചിരുന്നു.