ബെഗളൂരു- അനധികൃത സ്വത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അണ്ണ ഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് പരോള്‍ ലഭിച്ചില്ല. പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ പരാള്‍ അപേക്ഷ അപൂര്‍ണമെന്നു കാണിച്ചു തള്ളുകയായിരുന്നു. ആവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിച്ചിട്ടില്ലെന്ന് ജയില്‍ സുപ്രണ്ട് ചൂണ്ടിക്കാട്ടി. കൂടുതല്‍ വിശദമായ സത്യവാങ്മൂലം സഹിതം പുതിയ അപേക്ഷ സമര്‍പ്പിക്കുവാന്‍ ജയില്‍ സുപ്രണ്ട് നിര്‍ദേശിച്ചു.
കരള്‍ രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം നടരാജനെ സന്ദര്‍ശിക്കാന്‍ 15-ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്. നടരാജന്റെ കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശശികലയുടെ പരോള്‍ ശ്രമം.
66.6 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ നാലു വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ച് വരികയാണ് ശശികല. പോരടിച്ച രണ്ടു വിഭാഗങ്ങള്‍ ഒന്നായതോടെ അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയെ മാറ്റുന്ന പ്രമേയം ഈയിടെ പാര്‍ട്ടി പാസാക്കിയിരുന്നു.