ഇന്ത്യയിൽ ഒമ്പത് സംസ്ഥാനങ്ങളിൽ കൃഷിക്ക് ഭീഷണിയായ മരുഭൂ വെട്ടുകിളികളെ നേരിടാൻ ഡ്രോണുകളും ഹെലിക്കോപ്റ്ററും വിന്യസിക്കുന്നു. വെട്ടുകിളികളുടെ നീക്കം നിരീക്ഷിക്കാനും കീടനാശിനി തെളിക്കാനുമാണിത്.
അരിയും ഗോതമ്പും ഉൽപാദിപ്പിക്കുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ ഒമ്പത് പ്രധാന സംസ്ഥാനങ്ങളെയാണ് വെട്ടുകിളി ശല്യം രൂക്ഷമായി ബാധിക്കാറുള്ളത്. തലസ്ഥാനമായ ദൽഹിയുടെ സമീപ നഗരമായ ഗുരുഗ്രാമിൽ കൂടി വെട്ടുകിളികൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്നാണ് കീടനാശിനി തെളിക്കുന്ന നടപടികൾ ഊർജിതമാക്കിയത്. വെട്ടുകിളികളുടെ വരവ് മുൻകൂട്ടി കാണാനും നടപടികൾ സ്വീകരിക്കാനും സർക്കാരുകൾ തയാറായില്ലെന്ന് വ്യാപക വിമർശം ഉയർന്നിരുന്നു.
ഇന്ത്യൻ വ്യോമസേന ഹെലികോപ്റ്റർ വ്യൂഹത്തിൽ ഉൾപ്പെടുത്തുന്നതിനായി സ്േ്രപ ചെയ്യാൻ സംവിധാനമുള്ള അഞ്ച് പുതിയ ഹെലികോപ്റ്റർ ബ്രിട്ടനിൽനിന്ന് വാങ്ങാൻ സർക്കാർ ഉത്തരവിട്ടതായി കൃഷി, കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
പതിറ്റാണ്ടുകൾക്കിടെ ഏറ്റവും രൂക്ഷമായ മരുഭൂ വെട്ടുകിളി ശല്യമാണ് രാജ്യം ഇത്തവണ നേരിടുന്നത്. ഇതു കണക്കിലെടുത്താണ് വെട്ടുകിളികളുടെ നീക്കം കണ്ടെത്തുന്നതിനും കീടനാശിനികൾ തളിച്ച് നശിപ്പിക്കുന്നതിനും 12 ഡ്രോണുകളിൽ ഏർപ്പെടുത്തിയത്. വെട്ടുകിളികളെ ഉന്മൂലനം ചെയ്യുന്നതിനായി രാത്രി കാലത്ത് ഡ്രോൺ ഉപയോഗിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തി.
ഉത്തരേന്ത്യയിൽ ജനസാന്ദ്രത കൂടിയ ഒമ്പത് സംസ്ഥാനങ്ങളിൽ നിലവിൽ വെട്ടുകിളികൾക്കെതിരെ മരുന്ന് തളിക്കാൻ പ്രത്യേക വാഹനങ്ങളും ഫയർ എൻജിനുകളുമാണ് ഉപയോഗിക്കുന്നത്.
വിളവെടുപ്പിന്റെ ഇടവേളയിലായതിനാൽ വെട്ടുകളി ശല്യം കാരണം വലിയ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ രാജസ്ഥാനിൽ വിവിധ ജില്ലകളിൽ വൻതോതിൽ കൃഷിനാശമുണ്ടെന്ന് കർഷകർ പരാതിപ്പെടുന്നുണ്ട്. വെട്ടുകിളി ശല്യം നേരിടൻ രാജസ്ഥാൻ സർക്കാരിന് സാമ്പത്തിക സഹായം നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. വെട്ടുകളി വ്യാപനത്തെ കുറിച്ച് ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആഴ്ചതോറും ചർച്ച നടത്താറുണ്ട്.
കൃഷിക്കാർ വേനൽക്കാല വിളകൾ നട്ടുപിടിപ്പിക്കുന്നതിനിടയിൽ സോമാലിയയിൽ നിന്ന് ഇന്ത്യാ മഹാസമുദ്രം വഴി വെട്ടുകിളികളുടെ പുതിയ തരംഗം ഉണ്ടാകുമെന്ന് യു.എൻ ഭക്ഷ്യ, കാർഷിക സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.