ന്യൂദല്‍ഹി- ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വെ ശ്യംഖലയാണ് ഇന്ത്യയുടേത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാനാണ് മോഡി സര്‍ക്കാരിന്റെ ആലോചന. പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് പൂര്‍ണമായും സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വിട്ടുനല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 109ല്‍പരം റൂട്ടുകളിലേക്കുള്ള 151 പാസഞ്ചര്‍ തീവണ്ടികളുടെ നടത്തിപ്പിന് സ്വകാര്യകമ്പനികളില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട് കേന്ദ്രറെയില്‍വേ മന്ത്രാലയം.
ഇതുവഴി മുന്നൂറ് ബില്യണ്‍ രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധി നേരിടാനാണ് റെയില്‍വേ സ്വകാര്യമേഖലയ്ക്ക് വിട്ടുനല്‍കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 1853 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞ വര്‍ഷം ചില ട്രെയിനുകളുടെ സര്‍വീസ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷനെ അനുവദിച്ചുകൊണ്ട് യാത്രികരുടെ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ചില സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പ്രാദേശികമായി ട്രെയിനുകള്‍ നിര്‍മിക്കാനും ധനം കണ്ടെത്തുന്നതിനും മെയിന്റനന്‍സും മറ്റും നടത്തുന്നതിനും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്തവും നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയേക്കും.