ലണ്ടന്‍-കോവിഡ് പോരാട്ടത്തില്‍ ജനങ്ങളുടെ അമിതവണ്ണം പ്രശ്നമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. യുകെയിലെ ജനങ്ങളില്‍ പൊതുവായി കണ്ടുവരുന്ന അമിതവണ്ണം കുറയ്ക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.'അമിതവണ്ണത്തോടു സ്വതന്ത്ര നിലപാടാണു ഞാനെടുത്തിരുന്നത്. യഥാര്‍ഥത്തില്‍ അമിതവണ്ണക്കാരുടെ എണ്ണമെടുത്താല്‍, ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എന്‍എച്ച്സിനുണ്ടാകുന്ന ജോലിസമ്മര്‍ദം നോക്കിയാല്‍ ഭയം തോന്നുന്നു. ഇതര യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ മനോഹര രാജ്യത്തുള്ളവര്‍ക്കു തടി കൂടുതലാണ്. അമിതവണ്ണത്തെ നിയന്ത്രിക്കാനായാല്‍ നമ്മള് കൂടുതല്‍ സന്തോഷമുള്ളവരും ആരോഗ്യമുള്ളവരും കോവിഡ് പോലുള്ള രോഗങ്ങളോടു പ്രതിരോധ ശക്തിയുള്ളവരുമാകും' ബോറിസ് ജോണ്സണ് വ്യക്തമാക്കി.
കോവിഡ് മഹാമാരി തന്നെയും രാജ്യത്തെയും സാരമായി ബാധിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായത്. ഏപ്രിലില്‍ കോവിഡ് ബാധിച്ച് ഐസിയുവില്‍ കഴിയുമ്പോള്‍ തന്റെ വണ്ണം കുറഞ്ഞതായും അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമല്ലിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതവണ്ണം കുറയ്ക്കാന്‍ 'ഷുഗര്‍ ടാക്സ്' ഉള്‍പ്പെടെ കൊണ്ടുവരുമോയെന്ന ചോദ്യത്തോടു അദ്ദേഹം പ്രതികരിച്ചില്ല. യുകെയില്‍ ഇതുവരെ 43,000ലേറെ ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത്.