ചെന്നൈ- തൂത്തുക്കുടി സാത്തന്‍കുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി നടന്‍ രജനികാന്ത്.പ്രതികളായ പോലീസുകാരെ വെറുതെ വിടരുതെന്നും കൊല്ലപ്പെട്ട ജയരാജിനും മകന്‍ ബെന്നിക്‌സിനും നീതി ലഭിക്കണമെന്നും രജനികാന്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
'പിതാവിനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതില്‍ മനുഷ്യരാശി മുഴുവന്‍ അപലപിച്ചതിന് ശേഷവും, ചില പൊലീസുകാര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പ്രതികളെ കഠിനമായി ശിക്ഷിക്കണം. ഒരിക്കലും രക്ഷപ്പെടരുത്' രജനികാന്ത് കുറിച്ചു.
ജൂണ്‍ 19നാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മരവ്യാപാരിയും മൊബൈല്‍ കടയുടമയുമായ ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനെ പോലീസ് പിടിച്ചതറിഞ്ഞ് എത്തിയ ബെന്നിക്‌സ് കണ്ടത് പോലീസുകാര്‍ ജയരാജനെ മര്‍ദ്ദിക്കുന്നതായിരുന്നു. തുടര്‍ന്ന് പോലീസിനെ ആക്രമിച്ചു, അസഭ്യം വിളിച്ചു എന്നു പറഞ്ഞ് ബെന്നിക്‌സ് എന്ന 31 വയസ്സുകാരനെയും പോലീസ് കസ്റ്റഡിയില്‍ വച്ചു. പിന്നീട്, അതിക്രൂരവും പ്രാചീനവുമായ പൊലീസ് അതിക്രമത്തിന് ഇരുവരേയും വിധേയരാക്കി. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലും ഉരുട്ടലിലും ആന്തരിക അവയവങ്ങള്‍ക്ക് വരെ ക്ഷതം സംഭവിച്ചു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.