ആന്റി പ്രോഫിറ്ററിംഗ് നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിച്ചു കൊണ്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന കടുത്ത നടപടികളിൽ നിന്ന് ഒഴിവാകാൻ ചരക്ക് സേവന നികുതി ദായകർ ശ്രദ്ധിക്കണമെന്ന് സെൻട്രൽ എക്‌സൈസ് കസ്റ്റംസ് ആൻഡ് സർവീസ് ടാക്‌സസ് ചീഫ് കമ്മീഷണർ ശ്യാം രാജ് പ്രസാദ് പറഞ്ഞു.
ആന്റിപ്രോഫിറ്ററിങ് റിട്ടുകളും ജി എസ് ടി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻസ്ട്രി ടാലി സൊല്യൂഷൻസിന്റെ പങ്കാളിത്തത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നികുതി ഇളവുകളുടെ ആനുകൂല്യവും അതിലൂടെ കുറഞ്ഞ വിലയും ഉപഭോക്താവിന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ആവിഷ്‌കരിച്ച ആന്റി പ്രോഫിറ്ററിംഗ് നിയമം കർശനമായി നടപ്പാക്കാൻ നാഷണൽ ആന്റി പ്രോഫിറ്ററിംഗ് അതോറിട്ടി പ്രതിജ്ഞാ ബദ്ധമാണ്. ഈ വർഷം മെയ് 31 വരെ പരിഗണനയിൽ വന്ന 371 കേസുകളിൽ 265 എണ്ണത്തിൽ അതോറിട്ടി തീർപ്പുകൽപിച്ചു. 106 എണ്ണത്തിൽ പരിശോധന നടന്നു വരുന്നു. രാജ്യത്തെ പ്രമുഖ കമ്പനികളടക്കം ഭീമമായ തുക ഈയിനത്തിൽ പിഴയായി ഒടുക്കേണ്ടിവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരക്കു സേവന നികുതിയിൽ കാലാകാലങ്ങളിൽ വരുന്ന ഇളവുകൾ ഉപഭോക്താക്കൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന ചരക്ക് സേവന നികുതി വിഭാഗം സ്‌പെഷ്യൽ കമ്മീഷണർ ഡോ. എസ് കാർത്തികേയൻ പറഞ്ഞു. ആന്റി പ്രോഫിറ്ററിംഗുമായി ബന്ധപ്പെട്ട് കോടതികളിൽ വന്ന കേസുകളുടെ വിവരങ്ങൾ, അതിന്റെ ഭരണഘടനാ സാധുത, പോരായ്മകൾ എന്നിവയെക്കുറിച്ച് സുപ്രീം കോടതി അഭിഭാഷകനും ഖെയ്താൻ ആൻഡ് കോ പാർട്ട്ണറുമായ അഭിഷേക് റസ്‌തോഗി വിവരിച്ചു. കോവിഡ് 19 നെ തുടർന്നുണ്ടായ സങ്കീർണതകൾ, സപ്ലൈ കോൺട്രാക്ട്, റെന്റൽ എഗ്രിമെന്റ് എന്നിവയിലുണ്ടായ അനിശ്ചിതാവസ്ഥ, സാമ്പത്തിക ബാധ്യതകൾ, ചെലവു ചുരുക്കൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ വെബിനാർ ചർച്ച ചെയ്തു.