മുംബൈ- കോവിഡ് കാലത്ത് വരുമാനമില്ലാതായതോടെ മറാത്തി നടന്‍ ഉണക്കമീന്‍ വില്‍ക്കുന്നു. മറാത്തിയിലെ പ്രശസ്ത ടെലിവിഷന്‍ ഷോ ആയ ബാബാസാഹേബ് അംബേദ്കറിലൂടെ പ്രശസ്തനായ റോഷന്‍ പഡ്‌നേക്കര്‍ ആണ് ഈ നടന്‍. വിഷാദത്തെയും ആത്മഹത്യചിന്തയെയും അതിജീവിച്ചാണ് റോഷന്‍ ജീവിതത്തോട് പോരാടുന്നത്.
എല്ലാം നന്നായി പോവുകയായിരുന്നു. അതിനിടെയാണ് കോവിഡും ലോക്ക്ഡൗണും ജീവിതത്തിന്റെ താളം തെറ്റിച്ചത്. മൂന്ന് മാസത്തിന് ശേഷം ഷൂട്ടിംഗ് തുടങ്ങാന്‍ അനുമതി കിട്ടി. എന്നാല്‍ പ്രധാനപ്പെട്ട അഭിനേതാക്കളെ മാത്രമാണ് തിരിച്ചു വിളിച്ചത്. അതുകൊണ്ടു തന്നെ എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഒരു നിശ്ചയവുമില്ല. എനിക്ക് മീന്‍ പിടിക്കാന്‍ അറിയാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി. മീന്‍ ഉണക്കി വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നത്. അതില്‍ അഭിമാനം മാത്രമേയുള്ളൂ. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ വിളിച്ചിരുന്നു. അവരോട് ഞാന്‍ പറഞ്ഞത്, പണം വേണ്ട, പറ്റുമെങ്കില്‍ മീന്‍ വാങ്ങൂ എന്നാണ്. ചോദിച്ചവരോട് നന്ദി പറയുന്നു. എന്നാല്‍ എനിക്ക് ആരുടെയും സഹാനുഭൂതി വേണ്ട- റോഷന്‍ കുറിച്ചു.