മുംബൈ-ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസ താരം ഷാരൂഖ് ഖാന്‍ എന്ന കിംഗ് ഖാന്‍ തന്റെ ജൈത്ര യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 28 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 1980 കളില്‍ ടി വി സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ ഷാരൂഖ് 1992 ല്‍ ഇറങ്ങിയ ദീവാന എന്ന ചിത്രത്തോടെ ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറുകയും ഇന്ത്യക്കാരുടെ ഹൃദയത്തിലേക്ക് കൂടുകൂട്ടുകയുമായിരുന്നു.
സിനിമാജീവിതത്തില്‍ 28 വര്‍ഷം തികഞ്ഞതിന്റെ സന്തോഷം താരം ആരാധകരുമായി പങ്കുവച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഈ അവസരത്തില്‍ ആരാധകര്‍ക്കും പിന്നെ തന്റെ പ്രിയപത്‌നി ഗൗരി ഖാനും നന്ദി പറഞ്ഞു.
'എങ്ങിനെയാണ് എന്റെ അഭിനിവേശം എന്റെ ആവശ്യമായും പിന്നീട് തൊഴിലായും മാറിയതെന്ന് അറിയില്ല. ഇത്രയധികം വര്‍ഷങ്ങള്‍ നിങ്ങളെ ആനന്ദിപ്പിക്കാന്‍ അനുവദിച്ചതിന് നന്ദി. ഞാന്‍ വിശ്വസിക്കുന്നു, പ്രഫഷണലിസത്തെക്കാളധികം അഭിനിവേശം കാരണം ഇനിയും കുറേ വര്‍ഷങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. 28 വര്‍ഷം പൂര്‍ത്തിയായി, അത് തുടരുന്നു' ഷാരൂഖ് എഴുതി. പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ഫോട്ടോ പകര്‍ത്തിയ ഭാര്യ ഗൗരിക്കും ഷാരൂഖ് നന്ദി പറയുന്നുണ്ട്.
ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹെ, ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം, കല്‍ ഹോ ന ഹോ, മേം ഹൂം ന, വീര്‍ സറ, റബ്‌നേ ബനാ ദി ജോഡി, മൈ നയിം ഈസ് ഖാന്‍, കഭി ഖുശി കഭി ഗം, കഭി അല്‍വിദ ന കഹന തുടങ്ങി നിരവധി വിജയചിത്രങ്ങള്‍ ഷാരൂഖിനെ ജനഹൃദയത്തിലെത്തിച്ചു. ഡിഡിഎല്‍ജെ എന്ന ചിത്രം ആയിരം ആഴ്ചകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു. 2018ല്‍ ഇറങ്ങിയ 'സീറോ'ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. 2000 മുതല്‍ ഷാരൂഖ് ഖാന്‍ ടെലിവിഷന്‍ അവതരണം, സിനിമ നിര്‍മ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഡ്രീംസ് അണ്‍ലിമിറ്റഡ്, റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് എന്നീ രണ്ട് സിനിമാ നിര്‍മ്മാണ സ്ഥാപനങ്ങളും ഉണ്ട്.